പലസ്തീന്‍ തടവുകാര്‍ക്ക് വേണ്ടത്ര ഭക്ഷണം നല്‍കുന്നില്ല; ഇസ്രയേല്‍ ഭരണകൂടത്തെ വിമര്‍ശിച്ച് സുപ്രീംകോടതി

പലസ്തീന്‍ തടവുകാര്‍ക്ക് വേണ്ടത്ര ഭക്ഷണം നല്‍കുന്നില്ല; ഇസ്രയേല്‍ ഭരണകൂടത്തെ വിമര്‍ശിച്ച് സുപ്രീംകോടതി


ടെല്‍ അവീവ്: പലസ്തീന്‍ സുരക്ഷാ തടവുകാര്‍ക്ക് വേണ്ടത്ര ഭക്ഷണം നല്‍കാനുള്ള നിയമപരമായ ഉത്തരവാദിത്തം ഇസ്രയേല്‍ നിറവേറ്റിയിട്ടില്ലെന്ന് സുപ്രീം കോടതി. തടവുകാര്‍ക്ക് അടിസ്ഥാന ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധികാരികളോട് ഇസ്രയേലിലെ സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലെ ജയില്‍ സാഹചര്യങ്ങളെയും കോടതി നിശിതമായി വിമര്‍ശിച്ചുവെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ പട്ടിണിക്ക് കൊലപ്പെടുത്തുന്നവെന്ന ആരോപണം നിലനില്‍ക്കെയാണ് സ്വന്തം കോടതിയില്‍ നിന്നും ഇസ്രയേല്‍ ഭരണകൂടം കടുത്ത വിമര്‍ശനം നേരിടുന്നതെന്നും ശ്രദ്ധേയമാണ്. ദേശീയ സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിനെയും കോടതി നിശിതമായി വിമര്‍ശിച്ചു. സുരക്ഷാ തടവുകാരോട് കര്‍ശനമായ പെരുമാറ്റം വേണമെന്ന ബെന്‍ ഗ്വിറിന്റെ വാദത്തെയും കോടതി എതിര്‍ത്തു. ഹര്‍ജിക്കാരായ സംഘടനകളും ഇസ്രയേല്‍ ജയില്‍ സര്‍വീസും (ഐപിഎസ്) അവതരിപ്പിച്ച തെളിവുകള്‍ വിലയിരുത്തിയായിരുന്നു കോടതിയുടെ തീരുമാനം. തടവുകാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ പര്യാപ്തതയില്‍ ജഡ്ജി ഡാഫ്‌നെ ബരാക്എറെസ് ഗുരുതരമായ ആശങ്ക പങ്കുവച്ചു. 

എന്നാല്‍, ഗാസയില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്ക് സഹായത്തിന് ആരുമില്ലെന്നും മോചിതരായവരുടെ വേദനാജനകമായ സാക്ഷ്യങ്ങള്‍ ഓര്‍മിക്കേണ്ടതാണെന്നും കോടതിയില്‍ വാദം ഉയര്‍ന്നു. ഇതേ വിഷയത്തില്‍ ഇസ്രയേലിലെ അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് (എസിആര്‍ഐ) എന്ന സംഘടന കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഈ പാനലിലെ രണ്ടുപേര്‍ ഇത് അംഗീകരിച്ചപ്പോള്‍ മൂന്നാമത്തെ ജഡ്ജി വിയോജിച്ചു.

'നമ്മള്‍ ഇവിടെ സംസാരിക്കുന്നത് സുഖകരമായ ജീവിതത്തെക്കുറിച്ചോ ആഡംബരത്തെക്കുറിച്ചോ അല്ല, മറിച്ച് നിയമം അനുശാസിക്കുന്ന അതിജീവനത്തിന്റെ അടിസ്ഥാന സാഹചര്യങ്ങളെക്കുറിച്ചാണ്,' കോടതി പറഞ്ഞു.

തടവുകാരുടെ ചികിത്സയെക്കുറിച്ചുള്ള വിവാദ നയങ്ങള്‍ സ്വീകരിച്ച ബെന്‍ ഗ്വിറിന്‍ എക്‌സിലൂടെയും കോടതിയുടെ തീരുമാനത്തെ വിമര്‍ശിച്ചു.സുപ്രീം കോടതി ജഡ്ജിമാര്‍ 'ഇസ്രയേലിന്റേതാണോ' എന്ന് ചോദിച്ചുകൊണ്ട് ബെന്‍ ഗ്വിര്‍ എക്‌സിലൂടെ പ്രതികരിച്ചത്. ഗാസയിലെ ബന്ദികളെ സംരക്ഷിക്കാന്‍ ഒരു കോടതിയുമില്ലെന്നും 'തടവിലാക്കപ്പെട്ട തീവ്രവാദിക്ക്' സര്‍ക്കാര്‍ 'നിയമപ്രകാരം ആവശ്യമായ ഏറ്റവും കുറഞ്ഞ വ്യവസ്ഥകള്‍' നല്‍കുമെന്നും ബെന്‍ ഗ്വിറിന്‍ എക്‌സിലൂടെ അറിയിച്ചു.

'സുപ്രീം കോടതി ജഡ്ജിമാരേ, നിങ്ങള്‍ ഇസ്രായേലിന്റേതാണോ? ഗാസയിലെ നമ്മുടെ ബന്ദികളെ സംരക്ഷിക്കാന്‍ ഒരു സുപ്രീം കോടതിയുമില്ല. കൊലപാതകവും തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ചെയ്യുന്നവര്‍ക്ക് അവരെ സംരക്ഷിക്കുന്ന ഒരു സുപ്രീം കോടതി ഉണ്ടെന്നുള്ളത് നമുക്ക് നാണക്കേടാണ്.''  ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിര്‍ എക്‌സിലൂടെ വിമര്‍ശിച്ചു.

പലസ്തീന്‍ തടവുകാര്‍ക്ക് ദിവസവും മൂന്നുനേരം ഭക്ഷണവും ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ മൂന്നംഗ പാനല്‍ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ പ്രതികരണം.

അതേസമയം, യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേല്‍ കസ്റ്റഡിയില്‍ 61 പലസ്തീനികള്‍ മരിച്ചതായി പലസ്തീന്‍ അധികൃതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍, ഇസ്രയേല്‍ ജയിലില്‍ 17 വയസുള്ള ഒരു പലസ്തീന്‍കാരന്‍ പട്ടിണി കിടന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.