ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയുമായി പുതിയ സഹകരണകരാറില്‍ ഒപ്പുവെച്ച് ഇറാന്‍

ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയുമായി പുതിയ സഹകരണകരാറില്‍ ഒപ്പുവെച്ച് ഇറാന്‍


കെയ്‌റോ: ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ പരിശോധനകള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ സഹകരണം പുനരാരംഭിക്കുന്നതിന് വഴിയൊരുക്കുന്നതിനായി ഇറാനും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും ചൊവ്വാഴ്ച ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ ഒരു കരാറില്‍ ഒപ്പുവച്ചു.

ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദലാറ്റി, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം.

രണ്ട് മാസം മുമ്പ് ടെഹ്‌റാന്‍ ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിവച്ചതിനുശേഷം ഇറാനും യുഎന്‍ ആണവ നിരീക്ഷണ ഏജന്‍സിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ടെഹ്‌റാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള 2015 ലെ കരാര്‍ പാലിക്കാത്തതിന്റെ പേരില്‍ ഓഗസ്റ്റ് 28 ന് ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് കിംഗ്ഡം എന്നിവ ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ ആരംഭിച്ച നിര്‍ണായക വേളയിലാണ് കൂടിക്കാഴ്ച നടന്നത്.

 ജൂണില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെ ഇസ്രായേല്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഏജന്‍സി ഫലപ്രദമായി വഴിയൊരുക്കിയതായി ആരോപിച്ചുകൊണ്ട് യുഎന്‍ ആണവ നിരീക്ഷണ ഏജന്‍സിയുമായുള്ള എല്ലാ സഹകരണവും താല്‍ക്കാലികമായി ഇറാന്‍ നിര്‍ത്തിവച്ചിരുന്നു.ഇതിനായി ജൂലൈ 2 ന്,  ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ തന്റെ രാജ്യത്തെ പാര്‍ലമെന്റ് അംഗീകരിച്ച ഒരു നിയമത്തില്‍ ഒപ്പുവയ്ക്കുകയുണ്ടായി.

യുദ്ധത്തിനുശേഷം ഐഎഇഎ പരിശോധിച്ച ഒരേയൊരു സ്ഥലം റഷ്യന്‍ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബുഷെര്‍ ആണവ നിലയമാണ്. ഓഗസ്റ്റ് 27 മുതല്‍ രണ്ട് ദിവസങ്ങളിലായി പ്ലാന്റിലെ ഇന്ധന മാറ്റിസ്ഥാപിക്കല്‍ നടപടിക്രമം ഇന്‍സ്‌പെക്ടര്‍മാര്‍ നിരീക്ഷിച്ചു.
ജൂണ്‍ 13 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്റെ ബോംബ്‌ഗ്രേഡ് ശേഖരം പരിശോധിക്കാന്‍ ഐഎഇഎ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല, ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം ഇതിനെ 'ഗുരുതരവും ആശങ്കാജനകവുമായ കാര്യം' എന്നാണ് വിശേഷിപ്പിച്ചത്.