വാഷിംഗ്ടന്‍: ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സില്‍ നിന്ന് ഗവര്‍ണര്‍ ലിസ കുക്കിനെ പിരിച്ചുവിട്ട യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി ഒരു ഫെഡറല്‍ ജഡ്ജി റദ്ദാക്കി.
തന്നെ പിരിച്ചുവിടാനുള്ള ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ലിസ നല്‍കിയ കേസിലാണ് ഫെഡറല്‍ കോടതിയുടെ വിധി. ഫെഡറല്‍ റിസര്‍വ് ബോര്‍ഡിലെത്തും മുന്‍പ് 2021 ല്‍ ലിസ ഒരു പണയമിടപാടില്‍ തട്ടിപ്പു കാട്ടിയിരുന്നെന്ന് ആരോപിച്ചാണ് ട്രംപ് അവരെ പുറത്താക്കിയത്. അമേരിക്കയുടെചരിത്രത്തില്‍ ഇതാദ്യമാണ് യുഎസ് പ്രസിഡന്റ് ഒരു ഫെഡറല്‍ ഗവര്‍ണറെ പുറത്താക്കിയത്.
സെന്‍ട്രല്‍ ബാങ്കിന്റെ ഏഴ് അംഗ ബോര്‍ഡില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ താല്‍ക്കാലിക കോടതി ഉത്തരവ് വേണമെന്ന കുക്കിന്റെ അഭ്യര്‍ത്ഥന വാഷിംഗ്ടണ്‍ ഡി.സിയിലെ ജഡ്ജി ജിയ കോബ് അംഗീകരിക്കുകയായിരുന്നു. സെപ്റ്റംബര്‍ 16-17 തീയതികളില്‍ നടക്കാനിരിക്കുന്ന ഫെഡ് റിസര്‍വ് ബോര്‍ഡിന്റെ അടുത്ത മീറ്റിംഗിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതി വിധി.
ട്രംപ് ഫെഡറല്‍ റിസര്‍വ് ആക്ട് ലംഘിച്ചുവെന്ന കുക്കിന്റെ വാദത്തില്‍ കുക്ക് വിജയിക്കാന്‍ 'തികഞ്ഞ സാധ്യതയുണ്ടെന്നും തക്കതായ കാരണമുണ്ടെങ്കില്‍ മാത്രമേ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ എന്ന് ജഡ്ജ് കോബ് പറഞ്ഞു.
'ഫെഡ് ഗവര്‍ണറായി സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പുള്ള അവര്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന തെളിയിക്കപ്പെടാത്ത കേസുമായി ബന്ധപ്പെടുത്തിയാണ് ലിസയെ പുറത്താക്കിയിട്ടുള്ളത്. പുറത്താക്കലിന് ഫെഡ് ഗവര്‍ണറുടെ സ്ഥാനവുമായോ ആ ചുമതലയിലിരുന്നള്ള ഏതെങ്കിലും പ്രവൃത്തിയുമായോ ബന്ധമില്ലെന്ന് കോബ് വിധി ന്യാത്തില്‍ എഴുതി.
വിധിക്കെതിരെ ട്രംപ് ഭരണകൂടം ഒരു അതിവേഗ അപ്പീല്‍ തേടാന്‍ സാധ്യതയുണ്ട്. സെപ്റ്റംബറിലെ ഫെഡ് മീറ്റിംഗിന് മുമ്പ് ആവശ്യമെങ്കില്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ സമയം ലഭിക്കുന്നതിനായി കുക്കിന്റെ അഭ്യര്‍ത്ഥനയില്‍ വേഗത്തില്‍ വിധി പറയാന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
'നിയമവിരുദ്ധമായ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് ഫെഡറല്‍ റിസര്‍വിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ വിധി അംഗീകരിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് കുക്കിന്റെ അഭിഭാഷകന്‍ ആബെ ലോവല്‍ ചൊവ്വാഴ്ച രാത്രി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
'തെളിവില്ലാത്തതും അവ്യക്തവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഗവര്‍ണര്‍ കുക്കിനെ നിയമവിരുദ്ധമായി നീക്കം ചെയ്യാന്‍ പ്രസിഡന്റിനെ അനുവദിക്കുന്നത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെ അപകടത്തിലാക്കുകയും നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
കുക്കിന്റെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ച കത്തില്‍, സാമ്പത്തിക റെഗുലേറ്റര്‍ എന്ന നിലയില്‍ അവരുടെ കഴിവിനെയും വിശ്വാസ്യതയെയും ആരോപണവിധേയമാക്കുന്ന ആരോപണങ്ങളാണുള്ളതെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഫെഡറല്‍ ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കുന്നതില്‍ നിന്ന് ട്രംപിനെ ജഡ്ജി തടഞ്ഞു
