2025ല്‍ 80% ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളും നിരസിച്ച് കാനഡ , മികച്ച ലക്ഷ്യസ്ഥാനമായി ഉയര്‍ന്ന് ജര്‍മ്മനി

2025ല്‍ 80% ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളും നിരസിച്ച് കാനഡ , മികച്ച ലക്ഷ്യസ്ഥാനമായി ഉയര്‍ന്ന് ജര്‍മ്മനി


അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പറുദീസയായി പണ്ടേ വിശേഷിപ്പിക്കപ്പെട്ടിരുന്ന കാനഡ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും നിയന്ത്രിതമായ വിസ വ്യവസ്ഥകളില്‍ ഒന്നാണ് 2025ല്‍,  നടപ്പിലാക്കിയത്. ഏകദേശം 80% ഇന്ത്യന്‍ വിദ്യാര്‍ത്ഥി അപേക്ഷകളും ഈ വര്‍ഷം നിരസിക്കപ്പെട്ടു എന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (കഞഇഇ) പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. മികച്ച പഠനവും ജീവിതസുരക്ഷയും തേടിയുള്ള ആഗോള വിദ്യാര്‍ത്ഥികളുടെ ചലനാത്മകതയെ തടസ്സപ്പെടുത്തിയ വിസാനിഷേധങ്ങളുടെ ഒരു കുതിച്ചുചാട്ടമാണ് ഈ വര്‍ഷം കാനഡ അടയാളപ്പെടുത്തിയത്. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അപേക്ഷകരും ഇതിന്റെ ആഘാതം അനുഭവിച്ചിട്ടുണ്ട്, ഇത് അന്താരാഷ്ട്ര വിദ്യാഭ്യാസം തേടിയുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് പ്രദേശികമായി സൃഷ്ടിക്കപ്പെട്ട തകിടംമറിച്ചിലുകളെയും സൂചിപ്പിക്കുന്നു.

ദശാബ്ദങ്ങളായി, ആഗോളതലത്തില്‍ എക്‌സ്‌പോഷര്‍ തേടുന്ന ഇച്ഛാശക്തിയുള്ള വിദ്യാര്‍ത്ഥികള്‍ ആദ്യം തെരഞ്ഞെടുക്കുന്നത് വടക്കേ അമേരിക്കയാണ്. സുരക്ഷ, അവസരം, ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം എന്നിവയ്ക്കുള്ള കാനഡയുടെ പ്രശസ്തി പ്രതിവര്‍ഷം പതിനായിരക്കണക്കിന് ആളുകളെയാണ് ആകര്‍ഷിക്കുന്നത്. എന്നാല്‍, സമീപകാല കണക്കുകള്‍ ഒരു ആഴത്തിലുള്ള മാറ്റത്തെയാണ് കാണിക്കുന്നത്. 2024ല്‍, 1.88 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്, കനേഡിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഡേറ്റ പ്രകാരം, രണ്ട് വര്‍ഷം മുമ്പ് രേഖപ്പെടുത്തിയതിന്റെ കഷ്ടി പകുതിയോളം.  പോകാന്‍ ആഗ്രരഹിക്കുന്ന രാജ്യങ്ങളുടെ മുന്‍ഗണനയിലെ മാറ്റവും വ്യക്തമാണ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനങ്ങളില്‍ ഇപ്പോള്‍ ജര്‍മ്മനിയാണ് മുന്നില്‍. അതേസമയം കാനഡയുടെ വിഹിതം 2022 ല്‍ 18% ല്‍ നിന്ന് 2024 ല്‍ 9% ആയി കുറഞ്ഞു.

കാനഡയുടെ കര്‍ശനമായ വിസ വ്യവസ്ഥയ്ക്ക് പിന്നിലെ ശക്തികള്‍

വിദേശ വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് തടയാനുള്ള കാനഡയുടെ തീരുമാനം ഏകപക്ഷീയമല്ല, മറിച്ച് ആഭ്യന്തര അനിവാര്യതകളില്‍ വേരൂന്നിയതാണ്. ഭവന ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ ബുദ്ധിമുട്ട്, പ്രാദേശിക പ്രതിഭകള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ ആവശ്യങ്ങള്‍ എന്നിവ കാരണം ഫെഡറല്‍ സര്‍ക്കാര്‍ വലിയ സമ്മര്‍ദ്ദങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. ഈ സമ്മര്‍ദ്ദത്തോടുള്ള പ്രതികരണമായി, വിസ പരിശോധനകള്‍ കാനഡ  ശക്തമാക്കിയിട്ടുണ്ട്. അപേക്ഷകര്‍ ഇപ്പോള്‍ ഗണ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ കാണിക്കുകയും സമഗ്രമായ പഠന പദ്ധതികള്‍ നല്‍കുകയും കര്‍ശനമായ ഭാഷാ ആവശ്യകതകള്‍ പാലിക്കുകയും വേണം.

സാമ്പത്തിക മുന്‍വ്യവസ്ഥകള്‍ 20,000 കനേഡിയന്‍ ഡോളറില്‍ കൂടുതല്‍ ഉയര്‍ത്തി  ഇരട്ടിയാക്കിയിട്ടുണ്ട്, വിദ്യാര്‍ത്ഥികള്‍ക്കുള്ള ജോലിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബിരുദ ഭാഷാ ആവശ്യകതകള്‍ കൂടുതല്‍ കര്‍ശനമാണ്, അതേസമയം ബിരുദാനന്തരം തൊഴിലിലേക്ക് പ്രവേശിക്കുന്നതിനും നിബന്ധനകള്‍ കര്‍ശനമാക്കി. അംഗീകാരങ്ങള്‍ വേഗത്തിലാക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു സംവിധാനമായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പോലും അടച്ചുപൂട്ടി. മൊത്തത്തില്‍, 2025 ല്‍ 437,000 പഠന പെര്‍മിറ്റുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10% കുറവായിരിക്കും. ഇതില്‍ 73,000 എണ്ണം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, 243,000 എണ്ണം ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും, ഏകദേശം 120,000 എണ്ണം പുതുക്കലിനും സ്‌കൂള്‍ തല വിദ്യാര്‍ത്ഥികള്‍ക്കുമായി നീക്കിവയ്ക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിദ്യാര്‍ത്ഥികളെയും സ്ഥാപനങ്ങളെയും ബാധിക്കുന്ന പ്രത്യാഘാതങ്ങള്‍

അപേക്ഷകരെ സംബന്ധിച്ചിടത്തോളം, നിരസിക്കലുകളുടെ കുതിച്ചുചാട്ടം നടപടിക്രമ തടസ്സങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. അപേക്ഷകള്‍, ഭാഷാ പരീക്ഷകള്‍, തയ്യാറെടുപ്പ് കോഴ്‌സുകള്‍ എന്നിവയ്ക്കായി കുടുംബങ്ങള്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നുണെങ്കിലും പ്രതീക്ഷകള്‍ തകരുകയാണ്. കനേഡിയന്‍ പഠനത്തെ സ്ഥിര താമസത്തിലേക്കുള്ള ഒരു പാതയായാണ് പലരും കണ്ടിരുന്നത്. ഈ പ്രതീക്ഷ ഇപ്പോള്‍ അനിശ്ചിതത്വത്താല്‍ മൂടപ്പെട്ടിരിക്കുകയാണ്.

അന്താരാഷ്ട്ര ട്യൂഷനെ ആശ്രയിക്കുന്ന ചെറിയ കോളേജുകളും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. ചിലതിന്റെ നിലനില്പ് തന്നെ ഭീഷണിയിലാണ്. വരുമാന സ്രോതസ്സുകള്‍ ചുരുങ്ങുമ്പോള്‍ സ്ഥാപനങ്ങള്‍ തമ്മില്‍ ലയിക്കുകയോ അടച്ചുപൂട്ടലുകളോ ഉണ്ടാകുന്നു. 

ജര്‍മ്മനി പുതിയ പ്രഭവകേന്ദ്രമായി ഉയര്‍ന്നുവരുന്നു

കാനഡയിലെ അവസരങ്ങള്‍ ചുരുങ്ങുമ്പോള്‍, ജര്‍മ്മനി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പുതിയ ലക്ഷ്യകേന്ദ്രമാവുകയും അങ്ങോട്ടുള്ള അപേക്ഷകരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം അനുഭവിക്കുകയും ചെയ്യുന്നു. ജര്‍മ്മനിയുടെ ശക്തമായ സമ്പദ്‌വ്യവസ്ഥ, പൊതു ധനസഹായമുള്ള സര്‍വകലാശാലകള്‍, വികസിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രോഗ്രാമുകള്‍ എന്നിവ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ജര്‍മ്മനിയിലെ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് എന്റോള്‍മെന്റ് കണക്കുകള്‍ പ്രകാരം ഈ വര്‍ധനവ് അടിവരയിടുന്നു: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിച്ചു, 2025 ല്‍ ഏകദേശം 60,000 ആയി, 2023 ല്‍ 49,500 ആയിരുന്നു.

വടക്കേ അമേരിക്കയെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ വിദ്യാഭ്യാസവും കുറഞ്ഞ ജീവിതച്ചെലവും കാരണം സാങ്കേതികവിദ്യ, മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകള്‍ ജര്‍മ്മനിയില്‍ പ്രത്യേകിച്ചും ആകര്‍ഷകമായി മാറിയിരിക്കുന്നു. വ്യക്തമായ കരിയര്‍ പാതകളെയും മെച്ചപ്പെട്ട നിലനിര്‍ത്തല്‍ അവസരങ്ങളെയും പിന്തുണയ്ക്കുന്ന നയങ്ങള്‍ അതിന്റെ ആകര്‍ഷണീയതയെ കൂടുതല്‍ ഉറപ്പിക്കുന്നു. ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവയും മറ്റ് ഉയര്‍ന്നുവരുന്ന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നു.

അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലകള്‍ പുന:സൃഷ്ടിക്കപ്പെടുന്നു 

ഈ പ്രതിഭാസം അടച്ചിട്ട വാതിലുകളെ മാത്രമല്ല, ഡിമാന്‍ഡുകളിലുണ്ടായ വമ്പന്‍ മാറ്റത്തെയും സൂചിപ്പിക്കുന്നു. താങ്ങാനാവുന്ന വില, ഗുണനിലവാരം, കരിയര്‍ സുസ്ഥിരത എന്നിവ സംയോജിപ്പിക്കുന്ന ലക്ഷ്യസ്ഥാനങ്ങള്‍ക്കാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഈ രംഗത്തെ പരമ്പരാഗത നേതാക്കളായ  യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ മത്സരശേഷി ഇല്ലാതാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളെ അഭിമുഖീകരിക്കുന്നു. ഈ സാഹചര്യത്തില്‍ ബദല്‍ വിപണികള്‍ സ്വാധീനം നേടുന്നു.

ഈ പ്രവണത കൂടുതല്‍ സൂക്ഷ്മമായ ഒരു മാറ്റത്തെയാണ് ചിത്രീകരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാഭ്യാസത്തില്‍ ഇനി ചരിത്രപരമായ അന്തസ്സ് മാത്രമല്ല ആധിപത്യം പുലര്‍ത്തുന്നത്. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍സാമര്‍ത്ഥ്യക്കാരാണ്.  ചെലവ്, അവസരം, ദീര്‍ഘകാല തൊഴില്‍ എന്നിവ തന്ത്രപരമായി തൂക്കിനോക്കിയാണ് അവര്‍ തെരഞ്ഞെടുപ്പുകള്‍ നിശ്ചയിക്കുന്നത്. ഇതില്‍ നിന്ന് രാജ്യങ്ങളുടെ നയരൂപീകരണക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും വെല്ലുവിളി വ്യക്തമാണ്.