തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ നടപ്പിലാക്കുന്ന 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം' (എഫ്ടിഐ- ടിടിപി) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വ്യാഴാഴ്ച രാവിലെ 11.30ന് വെര്‍ച്വലായി ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ലെ ഡിപ്പാര്‍ച്ചര്‍ ഇമിഗ്രേഷന്‍ ഏരിയയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം.
ഇതോടെ യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പ്രക്രിയ സുഗമമാകും. ഇന്ത്യന്‍ പൗരന്മാര്‍, ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് കൈവശമുള്ള വിദേശ പൗരന്മാര്‍ എന്നിവര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പ്രക്രിയ വേഗത്തിലാക്കാനാണ് എഫ്ടിഐ- ടിടിപിആരംഭിച്ചത്. യോഗ്യരായ അപേക്ഷകര്‍ അപേക്ഷാ ഫോമില്‍ നല്‍കിയിരിക്കുന്ന ഡേറ്റ ഫീല്‍ഡുകള്‍ അനുസരിച്ചുള്ള വിവരങ്ങള്‍ക്കു പുറമേ ബയോമെട്രിക്‌സും നല്‍കേണ്ടതുണ്ട്.
ആവശ്യമായ പരിശോധനകളും യോഗ്യതയും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എന്റോള്‍മെന്റ് നടത്തുക. എഫ്ടിഐ- ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ് സൗകര്യം ഇപ്പോള്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ വിമാനത്താവളങ്ങളില്‍ ലഭ്യമാണ്.