വാഷിംഗ്ടണ്‍: പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ റഷ്യ കടന്നുകയറിയെന്ന ആരോപണത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണം പങ്കുവെച്ചു. റഷ്യ 'പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്' എന്തുകൊണ്ടാണെന്ന് ചോദിക്കുകയും 'ഇതാ ഞങ്ങള്‍ പോകുന്നു' എന്ന് അദ്ദേഹം തന്റെ ഒറ്റവരി പ്രതികരണം എഴുതുകയും ചെയ്തു. വാഷിംഗ്ടണ്‍ തങ്ങളുടെ സഖ്യകക്ഷികള്‍ക്കൊപ്പം നില്‍ക്കുമെന്നും നാറ്റോ 'അവരുടെ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കും' എന്നും നാറ്റോയിലെ യു എസ് അംബാസഡര്‍ പറഞ്ഞതിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം.
നിരവധി റഷ്യന്‍ ഡ്രോണുകളാണ് പോളണ്ട് ഒറ്റരാത്രിയില്‍ വെടിവച്ചു വീഴ്ത്തിയത്. മോസ്‌കോ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് വാര്‍സോ ആരോപിക്കുകയും ചെയ്തു. യുക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിനിടെ ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി പോളണ്ട് ആരോപിച്ചു.
'പ്രാദേശിക സമഗ്രത, രാഷ്ട്രീയ സ്വാതന്ത്ര്യം അല്ലെങ്കില്‍ സുരക്ഷ' എന്നിവയെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യം നേരിടുമ്പോള്‍ അടിയന്തര ചര്‍ച്ചകള്‍ നടത്താന്‍ അംഗങ്ങളെ അനുവദിക്കുന്ന നാറ്റോയുടെ ആര്‍ട്ടിക്കിള്‍ 4 പോളണ്ട് പ്രയോഗിച്ചു. 2022-ല്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷം നാറ്റോയുമായുള്ള റഷ്യയുടെ നേരിട്ടുള്ള ഇടപെടലാണിത്. ഏത് ആക്രമണങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും മറുപടി നല്‍കാന്‍ പോളണ്ട് തയ്യാറാണെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. റഷ്യന്‍ നടപടി 'വലിയ തോതിലുള്ള പ്രകോപനം' ആണെന്ന് പ്രസ്താവിച്ചു.
ഏഴ് ഡ്രോണുകളും ഒരു അജ്ഞാത പ്രൊജക്‌റ്റൈലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതിയതായും ഒരു വീടിനും കാറിനും കേടുപാടുകള്‍ സംഭവിച്ചതായും പോളിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പോളിഷ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുകയല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും പോളണ്ടുമായി സംസാരിക്കാന്‍ തയ്യാറാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പോളണ്ട് റഷ്യയെക്കുറിച്ച് മിഥ്യാധാരണകള്‍ പ്രചരിപ്പിക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
മാധ്യമങ്ങളോട് സംസാരിച്ച ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വിഷയത്തില്‍ പ്രതികരിക്കേണ്ടത് പ്രതിരോധ മന്ത്രാലയമാണെന്ന് പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നോ മറ്റേതെങ്കിലും റഷ്യന്‍ ഉദ്യോഗസ്ഥനില്‍ നിന്നോ ഇതുവരെ പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു.
പോളണ്ടിന്റെ പ്രദേശത്തെ ഏതെങ്കിലും ലക്ഷ്യങ്ങളെ നേരിടാന്‍ ഉദ്ദേശ്യമില്ലെന്ന് അറിയിച്ച റഷ്യന്‍ സൈന്യം ഈ വിഷയത്തില്‍ പോളിഷ് പ്രതിരോധ മന്ത്രാലയവുമായി കൂടിയാലോചനകള്‍ നടത്താന്‍ തയ്യാറാണെന്നും വിശദമാക്കി. തങ്ങളുടെ ഡ്രോണുകള്‍ പോളിഷ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി റഷ്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പോളണ്ട് 'കെട്ടുകഥകള്‍' പ്രചരിപ്പിക്കുകയാണെന്നും അവരുടെ ആരോപണത്തിന് തെളിവ് നല്‍കുന്നതില്‍ പരാജയപ്പെടുന്നുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.