ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഖത്തര്‍

ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഖത്തര്‍


ദോഹ: ഇസ്രയേലിനു തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് അവകാശമുണ്ടെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി. ഹമാസിനെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രമണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം തങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നു കയറ്റവും അംഗീകരിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിനു മറുപടി നല്‍കുന്നതിനു സൗഹൃദരാഷ്ട്രങ്ങളോട് ചര്‍ച്ച നടത്തിവരികയാണെന്നും ഖത്തര്‍ അറിയിച്ചു. യു എ ഇ പ്രസിഡന്റ് ദോഹയില്‍ ഹസ്വസന്ദര്‍ശനം നടത്തിയിരുന്നു. യൂറോപ്യന്‍ കമ്മിഷനും ഖത്തര്‍ ആക്രമണത്തില്‍ ഇസ്രയേലിനെതിരായ നിലപാടിലേക്കു നീങ്ങുകയാണ്. ഇതിനിടെയാണു തിരിച്ചടിക്കൊരുങ്ങുന്നുവെന്ന അല്‍താനിയുടെ പ്രസ്താവന.

എന്നാല്‍, ഇസ്രായേലിന്റെ ആക്രമണം യു എസിന്റെ അറിവോടെയാണെന്ന്് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത് ഖത്തറിന് തിരിച്ചടിയായിട്ടുണ്ട്. യു എസ് നല്‍കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ വിഭാഗം ആക്ടിങ് മേധാവി ഖലില്‍ അല്‍ ഹയ്യയുടെ മകന്‍ ഹമ്മാമും സഹായിയും ഖത്തറിലെ സുരക്ഷാ സേനാംഗവുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. എന്നാല്‍, തങ്ങളുടെ താഴേത്തട്ടിലുള്ള അഞ്ചു പേരാണു കൊല്ലപ്പെട്ടതെന്നു ഹമാസ് അവകാശപ്പെട്ടു.