ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ട്രംപ്

ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ട്രംപ്


ന്യൂയോർക്ക്: ഇന്ത്യയ്ക്കും ചൈനയ്ക്കും അധിക തീരുവ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ചൈനയ്ക്ക് 100% വരെ തീരുവ ചുമത്തണമെന്ന് ട്രംപ് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ഒരു യുഎസ് ഉദ്യോഗസ്ഥനും യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞനും പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

ഇന്ത്യയ്ക്കുമേലും അധിക തീരുവ ചുമത്തണമെന്ന് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സമ്മർദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായുള്ളതാണ് ട്രംപിന്റെ നീക്കം.

റഷ്യയിൽനിന്ന് പ്രധാനമായും എണ്ണ വാങ്ങുന്ന രണ്ടു രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. 2022 ൽ ആരംഭിച്ച യുക്രെയ്‌നുമായുള്ള യുദ്ധം തുടരുമ്പോഴും റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് ഈ രണ്ടു രാജ്യങ്ങളുമായുള്ള എണ്ണ വ്യാപാരമാണ്.

കോൺഫറൻസ് കോളിലൂടെയാണ് അധിക തീരുവ ചുമത്തണമെന്ന അഭ്യർത്ഥന ട്രംപ് നടത്തിയത്. യൂറോപ്യൻ യൂണിയൻ തങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചാൽ സമാനമായ താരിഫ് ചുമത്താൻ തയ്യാറാണെന്ന് യുഎസ് സൂചിപ്പിച്ചതായി യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞൻ പറഞ്ഞു.

നേരത്തെ, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതാണ് പിഴ ചുമത്താൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നടപടി. പുതിയ ഉത്തരവോടെ, യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങളും 50 ശതമാനം തീരുവ നേരിടേണ്ടിവരും. ട്രംപ് ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതലും, പുതിയ തീരുവ 21 ദിവസത്തിനു ശേഷവും പ്രാബല്യത്തിൽ വരും.