അനധികൃത കുടിയേറ്റം; യു.എസിൽ തടങ്കലിലായ 300 പൗരന്മാരെ തിരികെയെത്തിക്കാൻ പ്രത്യേക വിമാനമയച്ച് ദക്ഷിണ കൊറിയ

അനധികൃത കുടിയേറ്റം; യു.എസിൽ തടങ്കലിലായ 300 പൗരന്മാരെ തിരികെയെത്തിക്കാൻ പ്രത്യേക വിമാനമയച്ച് ദക്ഷിണ കൊറിയ


സോൾ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രാജ്യവ്യാപകമായ കുടിയേറ്റ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി യു.എസിൽ തടങ്കലിലായ 300 പൗരന്മാരെ തിരികെയെത്തിക്കാൻ പ്രത്യേക വിമാനമയച്ച് ദക്ഷിണ കൊറിയ. കഴിഞ്ഞ ശനിയാഴ്ചയാണ് ജോർജിയയിലെ എലാബെൽ പട്ടണത്തിൽ നിർമാണത്തിലിരിക്കുന്ന ഹ!*!്യൂണ്ടായിഎൽ.ജി ബാറ്ററി നിർമാണ കേന്ദ്രത്തിൽ നിന്ന് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.

തടങ്കലിലായവരെ മോചിപ്പിക്കാൻ യു.എസ് സർക്കാരുമായി ധാരണയിലെത്തിയതായി കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങിന്റെ വക്താവ് കാങ് ഹൂൻ സിക് അറിയിച്ചു. 300 കൊറിയൻ പൗരന്മാരെ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശോധയിൽ മതിയായ രേഖകളില്ലാത്തവരായി കണ്ടെത്തിയ 475 തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ ഭൂരിഭാഗവും യു.എസിൽ നിയമവിരുദ്ധമായി ജോലിചെയ്യുന്ന ദക്ഷിണ കൊറിയക്കാരാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ കൈകാലുകളിൽ വിലങ്ങണിയിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങൾ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്.എസ്.ഐ) പുറത്തുവിടുകയും ചെയ്തു.

ട്രംപിന്റെ താരിഫ് ഭീഷണികൾ മറികടക്കാൻ അമേരിക്കയിൽ ഫാക്ടറികൾ നിർമ്മിക്കുന്നതിനായി ദക്ഷിണ കൊറിയൻ കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് യു.എസ് നടപടി. അതേസമയം, വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ 90 ദിവസം വരെ യു.എസിൽ തുടരാൻ അനുമതിയുള്ളവരെയടക്കം പ്‌ളാന്റിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

സംഭവത്തിൽ, ദക്ഷിണ കൊറിയ സിയോളിലെ യു.എസ് എംബസിയെ ആശങ്കയറിയിച്ചിരുന്നു. യു.എസ് നിയമപാലനത്തിൽ നിക്ഷേപകരുടെ അവകാശങ്ങളും താത്പര്യങ്ങളും അന്യായമായി ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ലീ ജെയ്‌വൂങ് പറഞ്ഞു.