കാഠ്മണ്ഡു: യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ നേപ്പാളില്‍ സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചു. ദേശീയ സുരക്ഷ പേരിലുള്ള സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ ജെന്‍ സികളുടെ പ്രക്ഷോഭം രാജ്യമൊട്ടാകെ കത്തിപ്പടര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം തിരുത്തിയത്. ആയിരക്കണക്കിന് യുവാക്കളായിരുന്നു സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരുവിലിറങ്ങിയത്.
യുവാക്കളുടെ പ്രക്ഷോഭത്തിനെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 19 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാര്‍ലമെന്റിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. ഇതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയായിരുന്നു. ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം, എക്‌സ്, യൂട്യൂബ് തുടങ്ങി 26 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കായിരുന്നു നേപ്പാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
നേപ്പാള്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്യാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഓഗസ്റ്റ് 28 മുതല്‍ ഒരാഴ്ച സമയം നല്‍കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നല്‍കി. എന്നാല്‍ മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റ്, വാട്ട്‌സ്ആപ്പ്), ആല്‍ഫബെറ്റ് (യൂട്യൂബ്), എക്‌സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇന്‍ എന്നിവയൊന്നും രജിസ്റ്റര്‍ ചെയ്തില്ല. ഇതോടെയാണ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിന് പിന്നാലെ നേപ്പാള്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രി പ്രിഥ്വി സുബ്ബ ഗുരുങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി അറിയിച്ചു. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തത്. പാര്‍ലമെന്റിന് പുറത്ത് 'ഏലി ദ' പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ മന്ത്രി ഗുരുങ് പ്രതിഷേധക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് വളപ്പിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കികളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നിട്ടും നിയന്ത്രണ വിധേയമാകാതെ വന്നതോടെയാണ് വെടിവെപ്പ് നടത്തിയത്. ഈ സംഘര്‍ഷത്തില്‍ 19 പേര്‍ മരിക്കുകയും 300 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷത്തിനിടെ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. നേപ്പാളിലെ പ്രതിഷേധം ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാന്‍ അതിര്‍ത്തി രക്ഷാ സേനയും (ടടആ) നിരീക്ഷണം ശക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജാഗ്രത പാലിക്കുന്നത് മുന്‍കരുതല്‍ മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ ആഭ്യന്തര മന്ത്രി രമേശ് ലേഖക് നേരത്തെ രാജി വെച്ചിരുന്നു. നേപ്പാളി കോണ്‍ഗ്രസ് നേതാവാണ് രമേശ് ലേഖക്.
19 പേരുടെ മരണത്തിനിടയാക്കിയ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ നേപ്പാളില്‍ സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചു
