ട്രംപിന് നൊബേൽ ലഭിക്കാൻ അർഹതയില്ലെന്ന് 56% അമേരിക്കക്കാർ

ട്രംപിന് നൊബേൽ ലഭിക്കാൻ അർഹതയില്ലെന്ന് 56% അമേരിക്കക്കാർ


സമാധാനത്തിനുള്ള അടുത്ത നൊബേൽ സമ്മാനം ലഭിക്കാൻ എന്തുകൊണ്ടും തനിക്കാണ് അർഹത എന്ന ഒരു ചിന്ത ഏതാനും മാസങ്ങളായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിടികൂടിയിട്ടുണ്ട്. തനിക്ക് നൊബേൽ കിട്ടാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയും അദ്ദേഹം തേടിയെന്നും റിപ്പോർട്ടുണ്ട്. ഇസ്രായേലും പാക്കിസ്ഥാനും പോലുള്ള ചില രാജ്യങ്ങൾ കണ്ണുംപൂട്ടി ട്രംപിനെ നൊബേലിന് ശുപാർശചെയ്യാൻമുന്നോട്ടുവന്നിട്ടുമുണ്ട്.
താൻ 7 വലിയ യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് പകരം സമാധാന നൊബേൽ നേടാൻ താൻ എന്തു കൊണ്ടും അർഹനാണെന്ന് താനെന്നാണ് ട്രംപ് കരുതുന്നത്.

ട്രംപ് തിരി കൊളുത്തിയ വ്യാപാര യുദ്ധം കൊടുമ്പിരി കൊണ്ടു നിൽക്കുമ്പോഴും, ട്രംപിനെ നൊബേലിന് വേണ്ടി നാമനിർദ്ദേശം ചെയ്യുമെന്ന് പാകിസ്ഥാൻ അറിയിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ നടത്തിയ ഒരു സർവ്വേയിൽ അദ്ദേഹത്തിന് നൊബേൽ ലഭിക്കാൻ അർഹതയില്ലെന്ന് 56% അമേരിക്കക്കാരും കരുതുന്നുണ്ട്.

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ താൻ പലതും ചെയ്യുന്നതായി ട്രംപ് പറയുന്നു. അതേ സമയം ഇത്തരം ശ്രമങ്ങൾക്കിടയിലും ഭൂരിഭാഗം അമേരിക്കക്കാരും ഡോണൾഡ് ട്രംപ് സമാധാന നൊബേലിന് അർഹനല്ലെന്നാണ് കരുതുന്നത്. പുതിയ Yahoo/You-Gov poll പ്രകാരം 29% ആളുകൾ മാത്രമാണ് ട്രംപിന് നൊബേൽ ലഭിക്കാൻ അർഹതയുണ്ടെന്ന് കരുതുന്നത്.

2025 ആഗസ്റ്റ് 29 മുതൽ സെപ്തംബർ 2 വരെയുള്ള ദിവസങ്ങളിൽ 1,960 പ്രായപൂർത്തിയായ യു.എസ് പൗരന്മാരുടെ ഇടയിലാണ് സർവേ നടത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ, യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി എന്നിവരുമായി ട്രംപ് ചർച്ചകൾ നടത്തിയതിന് തൊട്ടു പിന്നാലെയാണ് സർവേ നടന്നത്.

അടുത്ത മാസമാണ് നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നത്. ട്രംപ് നൊബേൽ സമ്മാനം അർഹിക്കുന്നില്ലെന്ന് 56%അമേരിക്കക്കാർ പറഞ്ഞു. നൊബേൽ കമ്മിറ്റിക്ക് ട്രംപിനെതിരെ മുൻവിധിയുണ്ടെന്നും അതിനാൽ അദ്ദേഹത്തിന് സമ്മാനം ലഭിക്കില്ലെന്നും 24% ആളുകൾ പ്രതികരിച്ചു. താൻ നൊബേൽ അർഹിക്കുന്നുണ്ടെങ്കിലും അവർ ഒരിക്കലും എനിക്ക് നൊബേൽ സമ്മാനം തരികയില്ല എന്ന് കഴിഞ്ഞ മാസം ട്രംപ് തന്നെ പറഞ്ഞിരുന്നു. ഇതു തന്നെയാണ് 24% അമേരിക്കക്കാരും കരുതുന്നത്

തന്റെ പേര് 'ഒബാമ' എന്നായിരുന്നെങ്കിൽ 10 സെക്കന്റുകൾക്കകം തനിക്ക് നൊബേൽ സമ്മാനം ലഭിക്കുമായിരുന്നു. രാഷ്ട്രീയപരമായ കാരണങ്ങളാൽ, സമാധാനത്തിനുള്ള തന്റെ ശ്രമങ്ങളെ നൊബേൽ കമ്മിറ്റി പരിഗണിക്കില്ലെന്നും ട്രംപ് കരുതുന്നു.

ഇസ്രായേൽ ഇറാൻ, റുവാൻഡ കോംഗോ, അമേരിക്ക അസർബൈജാൻ, തായ്‌ലൻഡ് കംബോഡിയ, ഇന്ത്യ പാകിസ്ഥാൻ, സെർബിയ കൊസോവോ, ഈജിപ്ത്എത്യോപ്യ എന്നീ 7 യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചതായി ട്രംപ് പറയുന്നു.

അതേ സമയം, ഇതിലൊന്നും യു.എസ് പ്രസിഡന്റ് കാര്യമായി ഇടപെട്ടില്ലെന്നും, പ്രശ്‌നങ്ങൾ ഇപ്പോഴും തുടരുന്നതായും മറുവാദങ്ങളും ഉയർന്നിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് തുടർന്നു കൊണ്ടേയിരിക്കുന്ന റഷ്യയുക്രൈൻ യുദ്ധം. ഇതിനിടെയാണ് ട്രംപ് തുടങ്ങി വെച്ച വ്യാപാര യുദ്ധം ലോകസമ്പദ് വ്യവസ്ഥയെ പിടിച്ചു കുലുക്കുന്നത്.

ഇന്ത്യ- പാകിസ്ഥാൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു എന്ന കാരണം പറഞ്ഞാണ് പാകിസ്ഥാൻ ട്രംപിന്റെ പേര് സമാധാന നൊബേലിന് നോമിനേറ്റ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ ട്രംപിന്റെ ഈ ആവശ്യം ഇന്ത്യൻ പ്രധാനമന്ത്ര നരേന്ദ്രമോഡി ചെവിക്കൊണ്ടില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ അനുവദിച്ചിട്ടില്ല എന്ന് ഇന്ത്യ ഉറപ്പിച്ചു പറയുകയും ചെയ്തു. റഷ്യൻ ഇന്ധനത്തിന് യു.എസ് ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്താനും, വ്യാപാര യുദ്ധം രൂക്ഷമാകാനും ഇത് കാരണമായതായി വിലയിരുത്തപ്പെടുന്നു.