നേപ്പാള്‍ ആഭ്യന്തര മന്ത്രി രാജി സമര്‍പ്പിച്ചു

നേപ്പാള്‍ ആഭ്യന്തര മന്ത്രി രാജി സമര്‍പ്പിച്ചു


കാഠ്മണ്ഡു: പ്രതിഷേധങ്ങള്‍ ശക്തമായതോടെ  നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി സമര്‍പ്പിച്ചു. പ്രകടനങ്ങള്‍ക്കിടെയുണ്ടായ ജീവഹാനിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം അദ്ദേഹം രാജിയില്‍ എടുത്തുപറഞ്ഞു. 

കെ പി ശര്‍മ്മ ഒലിയുടെ സര്‍ക്കാരിലെ അഴിമതിക്കും സോഷ്യല്‍ മീഡിയ നിയന്ത്രിക്കാനുള്ള തീരുമാനത്തിനും എതിരെ തിങ്കളാഴ്ചയാണ് നേപ്പാളില്‍ ജന്‍സി യുവത പ്രതിഷേധം ആരംഭിച്ചത്. ഓണ്‍ലൈന്‍ പ്രസ്ഥാനമായി ആരംഭിച്ച പ്രതിഷേധം പിന്നീട് വഷളാവുകയും തെരുവിലേക്കെത്തുകയുമായിരുന്നു. ആയിരക്കണക്കിന് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തെ തുടര്‍ന്ന് പ്രതിഷേധത്തെ 'ജന്‍ സി വിപ്ലവം' എന്നാണ് വിളിക്കുന്നത്. പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഗേറ്റിന് തീയിട്ടപ്പോള്‍ നേപ്പാള്‍ സര്‍ക്കാര്‍ വെടിവച്ച് കൊല്ലാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു.

ഇതുവരെ, കുറഞ്ഞത് 18 പേര്‍ മരിക്കുകയും 250ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ നടപടികളെ സര്‍ക്കാര്‍ എപ്പോഴും എതിര്‍ക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ ഒലി ഊന്നിപ്പറഞ്ഞു. വ്യക്തികളുടെ തൊഴില്‍ നഷ്ടത്തേക്കാള്‍ പ്രധാനമാണ് ദേശീയ സുരക്ഷയെന്നും അദ്ദേഹം വാദിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയപരിധി നല്‍കിയിരുന്നത് ഓഗസ്റ്റ് 28ന് അവസാനിച്ചു. എന്നാല്‍ മെറ്റാ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്), ആല്‍ഫബെറ്റ് (യൂട്യൂബ്), എക്‌സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്ലാറ്റ്ഫോമുകളൊന്നും ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല.