നേപ്പാള്‍ പ്രതിഷേധം; പൊലീസ് വെടിവെയ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു: സുതാര്യ അന്വേഷണം വേണമെന്ന് യു എന്‍

നേപ്പാള്‍ പ്രതിഷേധം; പൊലീസ് വെടിവെയ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു: സുതാര്യ അന്വേഷണം വേണമെന്ന് യു എന്‍


കാഠ്മണ്ഡു: പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് 19 പേര്‍ കൊല്ലപ്പെടുകയും 250 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ വേഗത്തിലും സുതാര്യമായും അന്വേഷണം നടത്തണമെന്ന് യു എന്‍ ആവശ്യപ്പെട്ടു. കാഠ്മണ്ഡുവിലെ ആയിരക്കണക്കിന് പ്രകടനക്കാര്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയതോടെയാണ് അക്രമാസക്ത സമരം തുടങ്ങിയത്. 

നേപ്പാള്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യുവാക്കളാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്. രാജ്യത്തെ അഴിമതി വിഷയം പരിഹരിക്കണമെന്നും പ്രതിഷേധക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിരോധനത്തെത്തുടര്‍ന്ന് ഫേസ്ബുക്ക്, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ നിരവധി സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വെള്ളിയാഴ്ച മുതല്‍ നേപ്പാളില്‍ തടഞ്ഞിട്ടുണ്ട്. ഇതാണ്  ഉപയോക്താക്കളെ രോഷാകുലരാക്കിയത്.

പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ കവാടത്തിന് തീയിട്ടതോടെയാണ് നേപ്പാള്‍ സര്‍ക്കാര്‍ വെടിവെക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. 

ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന യു എന്‍ ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്, നേപ്പാളില്‍ പ്രതിഷേധത്തിനിടെ കുട്ടികള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ 'ആശങ്കാകുലരാണ്' എന്ന് തിങ്കളാഴ്ച പറഞ്ഞു. കുട്ടികള്‍ക്കെതിരായ ബലപ്രയോഗം 'ഉടന്‍ അവസാനിപ്പിക്കണം' എന്നും ആവശ്യപ്പെട്ടു. 

രാജ്യത്ത് അക്രമം രൂക്ഷമായതോടെ ആശുപത്രികളില്‍ രക്തത്തിനായുള്ള ആവശ്യം ആശങ്കാജനകമായ തോതില്‍ വര്‍ധിച്ചു. സെന്‍ട്രല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസിന്റെ കണക്കനുസരിച്ച് പരിക്കേറ്റ നിരവധി പ്രതിഷേധക്കാരെ ആശുപത്രിയില്‍ എത്തിച്ചതിനുശേഷം തിങ്കളാഴ്ച വൈകുന്നേരം വരെ നാഷണല്‍ ട്രോമ സെന്ററിലേക്കും ബിര്‍ ആശുപത്രിയിലേക്കും 200ല്‍ അധികം യൂണിറ്റ് രക്തം വിതരണം ചെയ്തു.

ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തിങ്കളാഴ്ച 1,200 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്.