മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ഒരു ഉയര്‍ന്ന മാര്‍ക്കറ്റ് പ്രദേശമായ ഫോര്‍ട്ടിലെ ഒരു പഴയ, നിയോഗോതിക് കെട്ടിടത്തില്‍, രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ പാഴ്‌സി മാസികകളിലൊന്നായ 'പാര്‍സിയാന'യുടെ ഒരു പഴയ ഓഫീസ് ഉണ്ട്.
ചന്ദനമര വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു പാഴ്‌സി ഡോക്ടറായ പെസ്‌റ്റോണ്‍ജി വാര്‍ഡന്‍ ആണ് നഗരത്തിലെ സാമൂഹിക ജീവിതത്തിന്റെ തുടിപ്പുകള്‍ പ്രകാശിപ്പിക്കുന്നതിനും അത് പുറംലോകത്ത് എത്തിക്കുന്നതിനുമായി 1964ല്‍ ഈ മാസിക ആരംഭിച്ചത്.
അതിനുശേഷം, വരിക്കാരുടെ എണ്ണത്തിലും പ്രചാരത്തിലും മാസിക വളര്‍ന്നു. പല പാഴ്‌സികള്‍ക്കും, സമൂഹത്തിലെ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു ജാലകമായി മാസിക മാറി. ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന പാഴ്‌സി സമൂഹത്തിന് പരസ്പരം ബന്ധപ്പെടാനും വിവരങ്ങള്‍ പങ്കുവെയ്ക്കാനും മാസിക സഹായിച്ചു.
എന്നാല്‍ 60 വര്‍ഷം സജീവമായി നിലനിന്ന മാസിക ഇപ്പോള്‍, വരിക്കാരുടെ എണ്ണം കുറയുകയും ഫണ്ടുകള്‍ ലഭിക്കാതാവുകയും ഏറ്റെടുത്തു നടത്താന്‍ പിന്‍ഗാമി ഇല്ലാതിരിക്കുകയും ചെയ്തതതോടെ അടച്ചുപൂട്ടാനൊരുങ്ങുകയാണ്. ഈ ഒക്ടോബറില്‍ അത് സംഭവിക്കും.
വരിക്കാര്‍ക്കു മാത്രമല്ല, മാസികയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയുന്നവര്‍ക്കും ഇതൊരു ദുഖ വാര്‍ത്തയാണ്.
'ഇത് ഒരു യുഗാവസാനം പോലെയാണ്. പാര്‍സിയാനയെക്കുറിച്ച് അറിയാതിരിക്കുകയോ പറയാതിരിക്കുകയോ ചെയ്യുന്ന ഒരാള്‍ക്ക് 'യഥാര്‍ത്ഥ പാഴ്‌സി' ആകാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ തമാശ പറയുമായിരുന്നു.'- 18 വയസ്സുള്ള വിദ്യാര്‍ത്ഥി സുശാന്ത് സിംഗ് പറയുന്നു.
മാസിക അടച്ചുപൂട്ടുകയാണെന്ന വാര്‍ത്ത ഓഗസ്റ്റില്‍ അതിന്റെ എഡിറ്റോറിയലുകളിലൊന്നില്‍ പ്രഖ്യാപിച്ചതുമുതല്‍, ദു:ഖ സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.
സെപ്റ്റംബര്‍ പതിപ്പില്‍, മുംബൈയിലെ ഒരു വായനക്കാരന്‍ എഴുതുന്നു: 'നമ്മുടേതുപോലുള്ള ഒരു ചെറിയ സമൂഹത്തെ ഇത്രയും ഉത്സാഹത്തോടെയും അഭിനിവേശത്തോടെയും രേഖപ്പെടുത്താന്‍ കഴിയുമെന്ന് ചിന്തിക്കുന്നത് ഒരു ഏറെ ബുദ്ധിമുട്ടുള്ള ഒരു ശ്രമമായി തോന്നുന്നു. എന്നിരുന്നാലും, പാര്‍സിയാന ആ ദൗത്യം നിര്‍വഹിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു.'
മാഗസിന്‍ 'ഒരു പ്രസിദ്ധീകരണം എന്നതിലുപരി; ലോകമെമ്പാടുമുള്ള സൊരോഷ്ട്രിയക്കാരെ ബന്ധിപ്പിക്കുന്ന ഒരു സുഹൃത്തും പാലവുമാണ് ' എന്നാണ് പാകിസ്ഥാനില്‍ നിന്നുള്ള മറ്റൊരു വായനക്കാരന്‍ പറയുന്നത്.
സമൂഹത്തിന് വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം 'വിവാദ വിഷയങ്ങളില്‍ യാഥാര്‍ത്ഥ്യബോധത്തിന്റെ ഒരു സ്പര്‍ശം കൊണ്ടുവരാനും ' മാസികയ്ക്കു കഴിഞ്ഞിരുന്നുവെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഒരു വായനക്കാരന്‍ പ്രശംസിച്ചു.
ഇത് ഒരു 'പത്രപ്രവര്‍ത്തന ശ്രമം ' ആയിരിക്കണമെന്ന് താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്നാണ് 1973ല്‍ വെറും ഒരു രൂപയ്ക്ക് മാസിക വിറ്റിരുന്ന കാലം മുതല്‍ അതിന്റെ തലപ്പത്ത് പ്രവര്‍ത്തിക്കുന്ന 80 വയസ്സുള്ള ജഹാംഗീര്‍ പട്ടേല്‍ പറയുന്നത്.
വാര്‍ഡന്‍ മാസികയായി ആരംഭിച്ചപ്പോള്‍, അതില്‍ പാര്‍സികളുടെയോ ഡോ. വാര്‍ഡന്റെ മെഡിക്കല്‍ രചനകളുടെയോ ഉപന്യാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചുമതലയേറ്റ ശേഷം, പട്ടേല്‍ അതിനെ രണ്ടാഴ്ചയിലൊരിക്കല്‍ പ്രസിദ്ധീകരിച്ചു, വാര്‍ത്താറിപ്പോര്‍ട്ടുകള്‍, മൂര്‍ച്ചയുള്ള കോളങ്ങള്‍, സത്യസന്ധതയോടും നര്‍മ്മത്തോടും കൂടി സെന്‍സിറ്റീവ് പാഴ്‌സി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രീകരണങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് അദ്ദേഹം പത്രപ്രവര്‍ത്തകരെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ഒരു സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ സ്ഥാപിക്കുകയും ചെയ്തു. ഒടുവില്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജേണലിനെ കാലാനുസൃമായി കളര്‍ പതിപ്പ് ആക്കിയും മാറ്റി.
മാഗസിന്‍ ഏറ്റെടുത്തതിന് ശേഷമുള്ള തന്റെ ആദ്യ റിപ്പോര്‍ട്ട് സമൂഹത്തിനുള്ളിലെ ഉയര്‍ന്ന വിവാഹമോചന നിരക്കിനെക്കുറിച്ചായിരുന്നുവെന്ന് പട്ടേല്‍ ഓര്‍മ്മിക്കുന്നു.
'പാര്‍സിയാനയില്‍ അത്തരമൊരു കാര്യം ആരും വായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സമൂഹത്തിന് അത് അല്‍പ്പം ഞെട്ടലുളവാക്കിയ റിപ്പോര്‍ട്ടായിരുന്നു അത്.
കര്‍ശനമായ സ്വമത വിവാഹങ്ങള്‍ക്ക് പേരുകേട്ട ഒരു സമൂഹത്തില്‍ ഒരു ധീരമായ നീക്കം എന്ന നിലയില്‍ 1987ല്‍, മിശ്ര വിവാഹ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് മാഗസിന്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചു.
'ഈ പ്രഖ്യാപനങ്ങള്‍ സമൂഹത്തില്‍ ഒരു കോലാഹലം സൃഷ്ടിച്ചു. ഈ ആചാരം നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് നിരവധി വായനക്കാര്‍ ഞങ്ങള്‍ക്ക് എഴുതി. പക്ഷേ ഞങ്ങള്‍ അങ്ങനെ ചെയ്തില്ല,' പട്ടേല്‍ പറയുന്നു.
പാര്‍സിയാന ഒരിക്കലും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയില്ലെന്നും, എല്ലായ്‌പ്പോഴും ഒന്നിലധികം കാഴ്ചപ്പാടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും, വര്‍ഷങ്ങളായി സമൂഹത്തിന്റെ ജനസംഖ്യ കുറയുന്നതും പാര്‍സികള്‍ മരിച്ചവരെ അടക്കം ചെയ്യുന്ന സ്ഥലമായ നിശബ്ദതയുടെ ഗോപുരങ്ങളുടെ (Towers of Silence) തകര്‍ച്ചയും പോലുള്ള വിഷയങ്ങള്‍ എടുത്തുകാണിച്ചുവെന്നും അദ്ദേഹം പറയുന്നു.
സമൂഹ നേട്ടങ്ങള്‍, പ്രധാന സാമൂഹിക, മതപരമായ സംഭവങ്ങള്‍, പുതിയ പാഴ്‌സി സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചും ജേണല്‍ രേഖപ്പെടുത്തി. മെയ് മാസത്തില്‍, ലോകത്തിലെ ഏക പാഴ്‌സി മ്യൂസിയമായ മുംബൈയിലെ അല്‍പൈവാല മ്യൂസിയത്തിന്റെ ഉദ്ഘാടനം പാര്‍സിയാന കവര്‍ ചെയ്തു.
പട്ടേലിന്റെ കീഴില്‍ ചേര്‍ന്ന 60കളിലും 70കളിലും പ്രായമുള്ള 15 അംഗ സംഘം ഇപ്പോള്‍ മാസികയും അതുമായി ബന്ധപ്പെട്ട പത്രപ്രവര്‍ത്തനവും അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.
'ദുഃഖത്തോടൊപ്പം ക്ഷീണവും തോന്നുന്നു,' പട്ടേല്‍ പറയുന്നു. 'ഞങ്ങള്‍ വളരെക്കാലമായി ചെയ്തുവരുന്ന കാര്യമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ പതിപ്പുകള്‍ കൊണ്ട് നിരന്നിരിക്കുന്ന ഓഫീസ്. പെയിന്റ് അടര്‍ന്ന ഭിത്തികളും തകര്‍ന്ന മേല്‍ക്കൂരകളും അതിന്റെ പഴക്കം കാണിക്കുന്നു. നാല് പതിറ്റാണ്ടുകളായി ഒഴിഞ്ഞുകിടക്കുന്ന ഒരു മുന്‍ പാര്‍സി ആശുപത്രിയാണ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത്.
ടീമിന് അവരുടെ അവസാന ദിവസത്തിനായി കാര്യമായ പദ്ധതികളൊന്നുമില്ലെന്ന് പട്ടേല്‍ പറയുന്നു, എന്നാല്‍ വരാനിരിക്കുന്ന ലക്കങ്ങളില്‍ പാര്‍സിയാനയുടെ നീണ്ട യാത്രയെയും പൈതൃകത്തെയും അനുസ്മരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തും.
ഓഫീസിലെ അവസാന ദിവസം ടീം അംഗങ്ങള്‍ ഒരുമിച്ചിരുന്നു ഉച്ചഭക്ഷണം കഴിക്കും. കേക്ക് മുറിക്കലോ ആഘോഷങ്ങളോ ഉണ്ടാകില്ല.
'അല്ലെങ്കിലും ഇതൊരു ദുഃഖകരമായ അവസരമാണ്, ആഘോഷിക്കാന്‍ എങ്ങനെ കഴിയും? പട്ടേല്‍ ചോദിക്കുന്നു.
ആറു പതിറ്റാണ്ട് പാഴ്‌സി സമൂഹത്തിന്റെ ശബ്ദമായിരുന്ന പാര്‍സിയാന മാസിക അടച്ചുപൂട്ടുന്നു
