ന്യൂഡൽഹി : എൻ.ഡി.എ, ഇൻഡ്യ മുന്നണികളുടെ നേർക്കുനേർ മത്സരമായി മാറിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇരു മുന്നണികളും അവസാന വട്ട ഒരുക്കത്തിൽ. രണ്ട് ദക്ഷിണേന്ത്യൻ സ്ഥാനാർഥികൾ മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് തമിഴ്‌നാട്ടിൽനിന്നുള്ള ആർ.എസ്.എസ് നേതാവ് സി.പി. രാധാകൃഷ്ണനും ഇൻഡ്യ മുന്നണി സ്ഥാനാർഥിയായി ആന്ധ്രപ്രദേശിൽനിന്നുള്ള മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും തമ്മിലാണ് മാറ്റുരക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിലെ 'വസുധ'യിൽ 'എഫ്101' മുറിയിൽ രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുകയെന്ന് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദി അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് വോട്ടെണ്ണൽ നടത്തി ചൊവ്വാഴ്ചതന്നെ ഫലം പ്രഖ്യാപിക്കും.
ലോക്‌സഭയിലെയും രാജ്യസഭയിലെയും എം.പിമാർക്ക് മാത്രം വോട്ടവകാശമുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമുള്ള എൻ.ഡി.എ ജയമുറപ്പിച്ചുകഴിഞ്ഞുവെങ്കിലും ആദർശപ്പോരാട്ടമായി കണ്ടാണ് ഇൻഡ്യ സഖ്യം മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഭരണഘടനയും ജനാധിപത്യവും അപകടത്തിലായ രാജ്യത്ത് അതിന്റെ സംരക്ഷണത്തിനായി ഒരു മത്സരം വേണമെന്ന നിലപാടിലാണ് ഇൻഡ്യ മുന്നണി.
പ്രതിപക്ഷത്തിന്റെ ഒരു വോട്ടുപോലും പിഴക്കാതെ ജസ്റ്റിസ് റെഡ്ഡിക്ക് ലഭിക്കാൻ തിങ്കളാഴ്ച ഉച്ചക്ക് 2.30ന് പഴയ പാർലമെന്റ് മന്ദിരമായ 'സംവിധാൻ സദനി'ൽ പ്രതിപക്ഷ എം.പിമാർക്ക് വേണ്ടി മോക് പോൾ നടത്തും. വൈകീട്ട് 7.30ന് പാർലമെന്റ് അനക്‌സിൽ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എം.പിമാർക്ക് അത്താഴ വിരുന്നുമൊരുക്കിയിട്ടുണ്ട്.
അതേസമയം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത് പിഴയ്ക്കാതിരിക്കാൻ ബി.ജെ.പി എം.പിമാർക്ക് ശിൽപശാല നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ശിൽപശാലയിൽ പങ്കെടുത്തു. എം.പിമാരുടെ പിൻനിരയിലായിരുന്നു പ്രധാനമന്ത്രി ഇരുന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ശിൽപശാലയുടെ രണ്ടാം ദിവസമായ തിങ്കളാഴ്ചയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സംബന്ധിച്ച പരിശീലനം നൽകുക. പരിശീലനത്തിന്റെ ഭാഗമായി മോക്‌പോളും നടത്തും. മറ്റ് എൻ.ഡി.എ ഘടകകക്ഷികളും തങ്ങളുടെ എം.പിമാർക്ക് പ്രത്യേക പരിശീലന പരിപാടി ഒരുക്കുന്നുണ്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
