ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ഷോക്കേറ്റ് ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ഷോക്കേറ്റ് ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്


മുംബൈ: ഗണപതി വിഗ്രഹ നിമജ്ജന ചടങ്ങിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഗണപതി വിഗ്രഹത്തില്‍ വൈദ്യുത വയര്‍ തട്ടിയാണ് അപകടമുണ്ടായത്.

നിമജ്ജന ഘോഷയാത്രയ്ക്കിടെ തൂങ്ങിക്കിടന്ന ഒരു വൈദ്യുത വയര്‍ വിഗ്രഹത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇതില്‍ നിന്നും ആറ് പേര്‍ക്ക് ഷോക്കേല്‍ക്കുകയും ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതില്‍ 36കാരനായ ബിനു സുകുമാരന്‍ എന്നയാളാണ് മരിച്ചത്. പരുക്കേറ്റ മറ്റ് അഞ്ച് പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടാണ് ഗണേശ വിഗ്രഹ നിമജ്ജനത്തിനായുള്ള 'വിസര്‍ജന ഘോഷയാത്ര' നടത്തിയത്. അനന്ത ചതുര്‍ഥി ദിനത്തില്‍ അവസാനിക്കുന്ന ഗണേശ ചതുര്‍ഥി ഉത്സവത്തിന്റെ പത്താം ദിവസമാണ് 'ഗണപതി വിസര്‍ജനം' ആചരിക്കുന്നത്. ഇതിനായി നിരവധി ആളുകളാണ് ഒത്തു കൂടിയിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്.