വാഷിംഗ്ടണ്‍: താരിഫ് യുദ്ധം രൂക്ഷമാക്കുന്നതിനിടയില്‍ അമേരിക്കയുമായി വ്യാപാര കരാറിലെത്തിയ രാജ്യങ്ങള്‍ക്കുള്ള നികുതിയില്‍ കുറവ് വരുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു.
2025 സെപ്റ്റംബര്‍ 8 (തിങ്കളാഴ്ച) മുതല്‍ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. ആഗോള വ്യാപാര വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുക, യുഎസ് വ്യാപാര കമ്മി കുറയ്ക്കുക, പങ്കാളി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇളവുകളിലേയ്ക്ക് നയിച്ചത്.
പുതിയ ഉത്തരവ് ഏകദേശം 45 ലധികം വിഭാഗത്തിലുള്ള സാധനങ്ങള്‍ക്ക് താരിഫ് ഇളവ് വാഗ്ദാനം ചെയ്യുന്നുവെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനകം യുഎസുമായി വ്യാപാരക്കരാറിലെത്തിയ രാജ്യങ്ങള്‍ക്കു മാത്രമാകും ഈ ഇളവ് ലഭിക്കുക. യുഎസുമായി വ്യാപാരക്കരാറിലെത്താന്‍ മറ്റു രാജ്യങ്ങളെ ആകര്‍ഷിക്കുന്നതാണ് പുതിയ നീക്കമെന്നു വിദഗ്ധര്‍ പറയുന്നു. മറ്റു രാജ്യങ്ങള്‍ക്ക് താരിഫ് ഇളവ് ലഭിക്കുന്നതിനുള്ള വഴിയാണ്് ഈ ഉത്തരവ് മുന്നോട്ടുവയ്ക്കുന്നത്.
യുഎസില്‍ പ്രാദേശിക ഉല്‍പ്പാദനം ദുഷ്‌കരമായ, എന്നാല്‍ മികച്ച ഡിമാന്‍ഡുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് ട്രംപ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഇത്തരം വസ്തുക്കള്‍ക്കു നികുതി ഏര്‍പ്പെടുത്തുന്നത് യുഎസ് ജനതയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നു നേരത്തേ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഇളവുള്ള ഉത്പന്നങ്ങള്‍ താഴെ നല്‍കുന്നു.
പ്രകൃതിദത്ത ഗ്രാഫൈറ്റ്
നിയോഡൈമിയം കാന്തങ്ങള്‍
എല്‍ഇഡികള്‍
സോളാര്‍ പാനല്‍ ഘടകങ്ങള്‍
പ്ലാസ്റ്റിക്ക്
പോളിസിലിക്കണ്‍
നിക്കല്‍
സ്വര്‍ണ്ണം
ജനറിക് മരുന്നുകള്‍
രാസവസ്തുക്കള്‍
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍
വിമാനങ്ങളും അവയുടെ ഭാഗങ്ങളും
പേറ്റന്റ് ഇല്ലാത്ത മരുന്നുകള്‍
ട്രംപിന്റെ പുതിയ ഉത്തരവ് ജപ്പാന് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ ജപ്പാന്‍ ഇന്ത്യയുടെ നടപടി പിന്തുടരുകയും, വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി നിശ്ചയിച്ചിരുന്ന യുഎസ് സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിരുന്നു. അതേസമയം ജപ്പാനും, യുഎസും തമ്മില്‍ ഒരു വ്യാപാരക്കരാര്‍ ഉറപ്പിക്കുകയും, ഒപ്പിടുകയും ചെയ്തിരുന്നു. ഇതുപ്രകാരം ജാപ്പനീസ് ഇറക്കുമതിയില്‍ ഓട്ടോമൊബൈലുകളുടെയും, ഓട്ടോ പാര്‍ട്‌സിന്റെയും താരിഫ് 27.5% ല്‍ നിന്ന് 15% ആയി കുറച്ചു. ഇതിനുപകരമായി ജപ്പാന്‍ അമേരിക്കയില്‍ 550 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ പുതിയ ഉത്തരവ് ഇന്ത്യയ്ക്ക് ഇളവുകള്‍ ഒന്നും തന്നെ വാഗ്ദാനം ചെയ്യുന്നില്ല. കാരണം ഈ ഉത്തരവ് ഇതോടകം യുഎസുമായി വ്യാപാരക്കരാറിലെത്തിയ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ഇന്ത്യ യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ച അനന്തമായി നീളുകയാണ്. എന്നാല്‍ വിഷയത്തില്‍ ഉടന്‍ സമവായം ഉണ്ടാകുമെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു. യുഎസിനു വേണ്ടി റഷ്യയെ കൈവിടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ജനതയ്ക്ക് നേട്ടം നല്‍കുന്ന ഇടപാടുകളാണിവ. ട്രംപിന്റെ നടപടികളെ തുടര്‍ന്ന് റഷ്യ ഇന്ത്യയ്ക്ക് കൂടുതല്‍ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് നികുതി 50% ആണ്.
വ്യാപാര കരാറിലെത്തിയ രാജ്യങ്ങളുടെ താരിഫ് കുറച്ച് ഡോണള്‍ഡ് ട്രംപ്; തിങ്കളാഴ്ച പ്രാബല്യത്തില്‍
