ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു. ജൂലൈയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ചരിത്രപരമായ പരാജയം നേരിട്ടതിന് മാസങ്ങള്‍ക്ക് ശേഷം ഞായറാഴ്ചയാണ് ഇഷിബ രാജി സമര്‍പ്പിച്ചത്.
ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ഇഷിബ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. മാത്രമല്ല, ഇഷിബക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ഭരണകക്ഷിയിലെ അംഗങ്ങള്‍ പുതിയ നേതൃത്വ തെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് രാജി. ഇഷിബക്ക് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.
സ്വമേധയാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരുള്‍പ്പെടെയും ശനിയാഴ്ച ഇഷിബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് രാജി. പരാജയത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.