ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്

ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്


ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. നേതൃത്വത്തെച്ചൊല്ലി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലുണ്ടാകുന്ന പിളര്‍പ്പ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഇഷിബ രാജി വെക്കുന്നതെന്ന് ജാപ്പനീസ് മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. 

നേതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ട്ടി നേതൃയോഗം ചേരാനിരിക്കെയാണ് ഷിഗേരു ഇഷിബ രാജിസന്നദ്ധത അറിയിച്ചിട്ടുള്ളത്. യോഗം നടന്നിരുന്നെങ്കില്‍ ഇഷിബയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അംഗീകരിക്കപ്പെട്ടേനെയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്നാണ് സ്ഥാനമൊഴിയാന്‍ ഇഷിബയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറിയത്. ജൂലൈയില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 248 സീറ്റുകളുള്ള ഉപരിസഭയില്‍ ഭൂരിപക്ഷം നേടുന്നതില്‍ ഇഷിബയുടെ ഭരണസഖ്യം പരാജയപ്പെട്ടിരുന്നു. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാന്‍ ഇഷിബ കൂട്ടാക്കിയിരുന്നില്ല.