ടൊറന്റോയില്‍ ഇന്ന് മഹാഓണം; ഗജവീരനും ഇറങ്ങും

ടൊറന്റോയില്‍ ഇന്ന് മഹാഓണം; ഗജവീരനും ഇറങ്ങും


ടൊറന്റോ: കൃത്യം ഒരു വര്‍ഷം മുന്‍പ് മഹാഓണത്തിലൂടെ ടൊറന്റോ നഗരം സാക്ഷ്യം വഹിച്ചത് നഗരത്തിന്റെ ഉത്സവചരിത്രത്തിലേക്ക് കേരളത്തിന്റെയും മലയാളത്തിന്റെയും നടന്നുകയറ്റമായിരുന്നു. അന്നുകൂടിയ ആള്‍ക്കൂട്ടം യങ്-ഡണ്ടാസ് സ്‌ക്വയര്‍ 2024ല്‍ സാക്ഷ്യംവഹിച്ചത് റെക്കോര്‍ഡ് ആള്‍ക്കൂട്ടം. ഇക്കുറി സങ്കോഫ സ്‌ക്വയറില്‍ കാത്തുവച്ചിരിക്കുന്ന വിസ്മയച്ചെപ്പ് കേരളത്തില്‍നിന്നു കടല്‍ കടന്നെത്തിയ 'കൊമ്പനാ'ണ്. 

രാവിലെ 11ന് കേളികൊട്ടുയരും. പിന്നാലെ ഗജവീരനെ പേരിടീലോടെ 'സ്‌ക്വയറിലിരുത്തും'. ഗജശ്രേഷ്ഠന്‍ കാച്ചാംകുറിശ്ശി കേശവന്റെ മട്ടും ഭാവത്തിലുമാണ് ഇതിനെ നിര്‍മിച്ചിരിക്കുന്നത്.

രാവിലെ 11 മുതല്‍ വൈകിട്ട് 11 വരെ കലാസദ്യയ്‌ക്കൊപ്പം ഇതാദ്യമായി ഇവിടെ ഓണസദ്യയും വിളമ്പും. പ്രവേശനം സൗജന്യം. കുടുംബമായി പരിപാടികള്‍ ആസ്വദിക്കുന്നതിനായി ടൊറന്റോ പൊലീസും സ്‌കോഫ് സ്‌ക്വയര്‍ സെക്യൂരിറ്റി ടീമുമായി മികച്ച സുരക്ഷാക്രമീകരണങ്ങളാണൊരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.  

കാനഡയിലെ ഏറ്റവും വലിയ നഗരത്തില്‍ ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കുന്ന മഹാഓണത്തിന്റെ വിശേഷങ്ങള്‍ തീരുന്നില്ല. മുപ്പതിലേറെ ടീമുകളാണ് വിവിധ കലാ- സാംസ്‌കാരിക പരിപാടികളും ബാന്‍ഡും ഡിജെയുമെല്ലാം ഒരുക്കുന്നത്.  കലാപരിപാടികള്‍ തിരഞ്ഞെടുത്തതുതന്നെ കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍കൂടിയായ കെ മധുവിന്റെ നേതൃത്വത്തിലാണ്. കലാനിലയം കലാധരന്‍ മാരാരും സംഘവുമാണ് നൂറോളം കലാകാരന്മാരെ അണിനിരത്തി മേളവിസ്മയം തീര്‍ക്കുക. പൊതുസമ്മേളനത്തിന് മുന്നോടിയായി വിവിധ സംഘടനകളും മറ്റും പങ്കെടുക്കുന്ന ഘോഷയാത്രയുമുണ്ടാകും.  

ഇക്കുറി അമേരിക്കയില്‍നിന്നൊരു ടീം ചെണ്ടമേളത്തിനെത്തുന്നു- മോട്ടൗണ്‍ മേളം. ഒന്റാരിയോ പ്രവിശ്യയ്ക്ക് പുറത്തുനിന്നുള്ള ഒരു നൃത്തസംഘവുമെത്തും- ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍നിന്നുള്ള ബിഗ് സ്റ്റെപ്പേഴ്‌സ്. വേദിയുടെയും മറ്റും കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാനഡയിലെ പ്രമുഖ മലയാളി ശില്‍പിയും ചിത്രകാരനുമൊക്കെയായ ഗബ്രിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ്. 

നാട്യാലയ, ടീം കനേഡിയന്‍ ലയണ്‍സ്, ഡി തിയറ്റേഴ്‌സ്, മുദ്ര ഡാന്‍സ് സ്റ്റുഡിയോ, മല്ലൂമിനാറ്റീസ്, മയൂരാ ഡാന്‍സ്, ടീം സാത്വിക, നൃത്യപാദം, ഡാന്‍സിങ് ഡിവാസ്, തംറിക,  നാട്യാഞ്ജലി, സ്പാര്‍ക്ലിംഗ് മെര്‍മെയ്ഡ്‌സ്, ത്രയമ്പക, നാടന്‍ പള്‍സ്, എം എന്‍ എം വേഴ്‌സ്, ടി ഡി ഗ്രൂവേഴ്‌സ്, ഷീ സ്റ്റ്രീറ്റ്, ജെ ലോഫ്റ്റ്,  ഡാസ്ലേഴ്‌സ് എന്നിവരാണ് നൃത്തപരിപാടികള്‍ അവതരിപ്പിക്കുക. ഓംകാര്‍ (ടീം സകുര), ദി മേപിള്‍സ്, ഡൗണ്‍ടൗണ്‍, ബസൂക്ക, പ്രോഗ്വേദം എന്നീ ബാന്‍ഡ് സംഘങ്ങളും വേദിയിലെത്തും. ജെ ഡിയുടെ റാപ്പ്, ദി കേഡന്‍സിന്റെ വാദ്യസംഗീതം, ടീം ശക്തിയുടെ കൈകൊട്ടിക്കളി എന്നിവയാണ് മറ്റു പരിപാടികള്‍. വല്ലാടന്‍ ലൈവിന്റെ ഡി ജെയോടെയാണ് മഹാഓണത്തിന് കൊടിയിറങ്ങുകയെന്ന് മുഖ്യസംഘാടകന്‍ ജെറിന്‍ രാജ് അറിയിച്ചു. 

കേരളത്തിന്റെ വിളവെടുപ്പ് ഉല്‍സവവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളും  ആഘോഷങ്ങളുമെല്ലാം കനേഡിയന്‍ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ടൊറന്റോയുടെ തിരുമുറ്റത്ത് ഒരുക്കിയ മഹാഓണം വടക്കന്‍ അമേരിക്കയിലെതന്നെ ഏറ്റവും വലിയ മലയാളിക്കൂട്ടായ്മയായി മാറിയിരുന്നു. കാനഡയിലെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികള്‍ നടക്കുന്ന  വേദിയില്‍ മലയാളികളുടേതായ കന്നി പരിപാടിയുമായിരുന്നു.  രാജ്യാന്തര വിദ്യാര്‍ഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവര്‍ക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റിന് തുടക്കംകുറിച്ചത്. കഴിഞ്ഞതവണ മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാര്‍ക്കാണ് അവസരം ഒരുക്കിയത്. 

ലെംഫൈ മണി ട്രാന്‍സ്ഫര്‍, ഗ്രീസ് മല്ലു, റിയല്‍റ്റര്‍ ജെഫിന്‍ വാലയില്‍ ജോസഫ്, കോസ്‌കോ, എല്‍ട്രോണോ, മൊണാക്കോ ബില്‍ഡേഴ്‌സ്, എല്‍ട്രോണോ മീഡിയ, ചരണ്‍ എന്റര്‍പ്രൈസസ്, യോക് ഇമിഗ്രേഷന്‍, മീ സ്‌മൈല്‍സ്, ഗോള്‍ഡ് മാക്‌സ്, ലിസ, റോയല്‍ കേരള ഫുഡ്‌സ്, സെന്റ് ജോസഫ്‌സ് ഡെന്റല്‍ ക്ലിനിക്, കൊക്കാടന്‍സ് ഗ്രൂപ്പ്,  എന്‍ഡി പ്രഫഷനല്‍സ്, തറവാട് റസ്റ്ററന്റ്, ബോസ്‌കോ ട്രാന്‍സ്‌പോര്‍ട്‌സ്, ചാപ്പല്‍ റിഡ്ജ് ഫ്യൂണറല്‍ ഹോം തുടങ്ങിയവരാണ് പ്രായോജകര്‍.

ഡിജിറ്റല്‍ ഡിസ്‌പ്ലേകളാല്‍ സമ്പന്നമായ യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറില്‍ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്.