ജെറുസലേം: യെമനിലെ ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തെക്കന്‍ ഇസ്രായേലി വിമാനത്താവളത്തിന് സമീപം കട്ടിയുള്ള പുക ഉയര്‍ന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് വ്യോമാതിര്‍ത്തി താത്ക്കാലികമായി അടച്ചു. ഇതോടെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
ഹൂത്തികള്‍ ഒന്നിലധികം ഡ്രോണുകള്‍ വിക്ഷേപിച്ചതായും അവയില്‍ ചിലത് തടഞ്ഞതായും അധികൃതര്‍ പറഞ്ഞു. തെക്കന്‍ ഇസ്രായേലി നഗരമായ എലാറ്റിനടുത്തുള്ള റാമോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ഡ്രോണ്‍ ഇടിച്ചു.
യെമനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് യുഎവികള്‍ ഐഎഎഫ് തടഞ്ഞതായും അവയില്‍ രണ്ടെണ്ണം ഇസ്രായേല്‍ പ്രദേശത്തേക്ക് കടക്കുന്നതിന് മുമ്പുതന്നെ തടഞ്ഞുവെന്നും തെക്കന്‍ ഇസ്രായേലില്‍ സൈറണുകള്‍ മുഴങ്ങിയതായും ഒരു പ്രസ്താവനയില്‍ ഇസ്രായേല്‍ സൈന്യം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.
രണ്ടാഴ്ച മുമ്പ് ഇസ്രായേലി വ്യോമാക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയും മറ്റ് 11 മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്രായേലും യെമനും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് പുതിയ സംഭവം. ഇസ്രായേലിനെതിരെയും യെമനില്‍ നിന്ന് ചെങ്കടല്‍ കപ്പല്‍ പാതയിലൂടെ കടന്നുപോകുന്ന അവരുടെ കപ്പലുകള്‍ക്കെതിരെയും ആക്രമണം ശക്തമാക്കുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചു.
ആക്രമണത്തെത്തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു.
സമീപകാലത്ത് ഇസ്രായേലിന് എതിരായ ആക്രമണങ്ങളില്‍ ഹൂത്തി വിമതര്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചു. ഈ ആയുധങ്ങള്‍ തടയാന്‍ പ്രയാസമായിരിക്കും.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ ഇസ്രായേല്‍ സൈന്യം ഗാസ നഗരത്തില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. പ്രദേശത്ത് വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ഇസ്രായേല്‍ സൈന്യം താമസക്കാരെ പ്രേരിപ്പിച്ചു.