വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ ആശയ വിനിമയ സംവിധാനങ്ങള്‍ ചോര്‍ത്താന്‍ 2019ല്‍ യു എസ് ശ്രമിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രസ്തുത ദൗത്യം ദയനീയമായി പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ ആശയ വിനിമയങ്ങള്‍ ചോര്‍ത്തുന്നതിന് ഒരു ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കാന്‍ ഡൊണള്‍ഡ് ട്രംപിന്റെ അനുമതിയോടെ 2019ന്റെ തുടക്കത്തില്‍ യു എസ് നേവി സീല്‍ ടീം 6 ഉത്തര കൊറിയന്‍ മണ്ണില്‍ രഹസ്യ ദൗത്യം ആരംഭിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും നിരവധി കാരണങ്ങളാല്‍ ഉപകരണം സ്ഥാപിക്കുന്നതിനു മുമ്പു തന്നെ ദൗത്യം പരാജയപ്പെടുകയായിരുന്നു. അന്തര്‍വാഹിനി വിന്യാസത്തിലെ നാവിഗേഷന്‍ പിഴവുകള്‍, തത്സമയ വിവരങ്ങളുടെയും നിരീക്ഷണത്തി്‌ന്റേയും അഭാവം, സാധാരണക്കാരുമായുള്ള അപ്രതീക്ഷിത ഏറ്റുമുട്ടല്‍ എന്നിങ്ങനെ മൂന്ന് കാരണങ്ങളാണ് ഉത്തര കൊറിയയെ കുറിച്ചുള്ള യു എസ് രഹസ്യാന്വേഷണ വിവരങ്ങള്‍ മനസിലാക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക ദൗത്യത്തെ പരാജയപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ഉന്നതതല ആണവ ചര്‍ച്ചകള്‍ക്ക് ട്രംപ് തയ്യാറെടുക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.