യു എസിന്റെ 25 ശതമാനം താരിഫ് നേരിയ സ്വാധീനമേ ചെലുത്തുള്ളുവെന്ന് റിപ്പോര്‍ട്ട്

യു എസിന്റെ 25 ശതമാനം താരിഫ് നേരിയ സ്വാധീനമേ ചെലുത്തുള്ളുവെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: യു എസ് ഇന്ത്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തുന്ന 25 ശതമാനം താരിഫ് രാജ്യത്ത് കുറഞ്ഞ  സ്വാധീനം മാത്രമേ ചെലുത്തുകയുള്ളുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാപാര കരാറുകളില്‍ കാര്‍ഷിക, പാല്‍ ഉത്പന്നങ്ങള്‍, ജനിതകമാറ്റം വരുത്തിയ (ജി എം) ഉത്പന്നങ്ങള്‍ എന്നിവ തീരുവയുമായി ബന്ധപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2024- 25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും യു എസും തമ്മിലുള്ള വ്യാപാരം 131.8 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇതില്‍ 86.5 ബില്യണ്‍ ഡോളര്‍ കയറ്റുമതിയും 45.3 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയുമാണ് ഉള്‍പ്പെടുന്നത്. 

ഔഷധങ്ങളും ഇലക്ട്രോണിക് വസ്തുക്കളും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ പ്രധാന ഭാഗം യു എസ് ഇളവ് വിഭാഗത്തില്‍ പെടുന്നതിനാല്‍ തീരുവ ഈടാക്കില്ലെന്ന് വൃത്തങ്ങള്‍ പി ടി ഐയോട് പറഞ്ഞു.

യു എസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ പകുതിയിലധികവും തീരുവ ബാധിക്കുന്നതല്ലെന്നാണ് പ്രതീക്ഷിക്കുന്നത്. യു എസിന്റെ സെക്ഷന്‍ 232 ഇളവിനെ തുടര്‍ന്ന് ഏകദേശം 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയെ മാത്രമേ താരിഫുകള്‍ ബാധിക്കുകയുള്ളൂവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

യു എസ് ക്ഷീരമേഖലയുടെ മൃഗത്തീറ്റ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിക്കാട്ടി. ഇന്ത്യ അതിന്റെ എല്ലാ വ്യാപാര കരാറുകളിലും ഈ മേഖലയില്‍ തീരുവ ഇളവുകള്‍ നല്‍കുന്നതില്‍ നിന്ന് നിരന്തരം വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ക്ഷീരമേഖലയില്‍ മതപരമായ വികാരങ്ങളുണ്ടെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇന്ത്യയുടെ ഒരു വ്യാപാര കരാറിലും ഈ വിഭാഗങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയും യു എസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ മാര്‍ച്ചിലാണ് ആരംഭിച്ചത്. ഇതുവരെ അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ആറാമത്തെ സെറ്റ് ചര്‍ച്ചകള്‍ ഓഗസ്റ്റ് അവസാനം നടക്കും.

ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ നിലപാടില്‍ അമേരിക്കന്‍ പ്രസിഡന്റ് 'നിരാശനാണ്'. റഷ്യയില്‍ നിന്ന് ഇന്ത്യ വ്യാപകമായി അസംസ്‌കൃത എണ്ണ വാങ്ങുന്നതും 'അലോസരപ്പെടുത്തുന്ന' പോയിന്റാണെന്നും അവര്‍ പറഞ്ഞു.

ട്രംപ് ഇന്ത്യയെയും റഷ്യയെയും 'നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥ' എന്നാണ് വിളിച്ചത്. റഷ്യയുമായി ഇന്ത്യ എന്തു ചെയ്താലും തനിക്ക് പ്രശ്നമില്ലെന്നും ഇന്ത്യയുമായി തങ്ങള്‍ വളരെ കുറച്ച് മാത്രമേ ബിസിനസ്സ് ചെയ്തിട്ടുള്ളൂവെന്നും താരിഫ് വളരെ ഉയര്‍ന്നതാണെന്നും റഷ്യയും യു എസ് എയും ഒരുമിച്ച് ഒരു ബിസിനസ്സും നടത്തുന്നില്ലെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

ട്രംപിന്റെ താരിഫ് നീക്കം ഇന്ത്യയെ യു എസ് നിബന്ധനകള്‍ അംഗീകരിക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായി വിദഗ്ധര്‍ വ്യാപകമായി കാണുന്നു.

ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് മറുപടിയായി ഏതൊരു വ്യാപാര കരാറിലും ഇന്ത്യ അതിന്റെ ദേശീയ താത്പര്യം മുന്‍ഗണനയായി നിലനിര്‍ത്തുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും സാമ്പത്തിക വിദഗ്ധരും സ്ഥാപനങ്ങളും ഇത് മികച്ച സ്ഥലമായി കാണുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.