ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളാത്തതിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളാത്തതിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി


കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. ദുരന്തം സംഭവിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമെടുക്കാനായില്ലേയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ ഓഗസ്റ്റ് 13നകം കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം സംഭവിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും കേന്ദ്രത്തെ ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.

ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ എന്തുകൊണ്ടാണ് ഇതുവരെ തീരുമാനമെടുക്കാനാവാഞ്ഞതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ എപ്പോള്‍ തീരുമാനമെടുക്കുമെന്നും ഓഗസ്റ്റ് 13നകം തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 

കേരള ബാങ്ക് വായ്പ എഴുതിത്തള്ളിയത് മാതൃകയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വായ്പ എഴുതിത്തള്ളിയാലും ഇല്ലെങ്കിലും തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതിനനുസരിച്ച് സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകുമെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.