നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭാ ചരിത്രം തിരുത്തി; ആര്‍ച്ചു ബിഷപ്പായി വനിതയെ നിയമിച്ചു

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭാ ചരിത്രം തിരുത്തി; ആര്‍ച്ചു ബിഷപ്പായി വനിതയെ നിയമിച്ചു


ലണ്ടന്‍: ബ്രിട്ടനിലെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വെയില്‍സ് ഭദ്രാസന ആര്‍ച്ചു ബിഷപ്പായി വനിതയായ ഷെറിവാനെ നിയമിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതയെ ആര്‍ച്ച് ബിഷപ്പായി നിയമിക്കുന്നത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കീഴ്‌വഴക്കമനുസരിച്ച് പുരുഷന്മാരെയാണ് ആര്‍ച്ചു ബിഷപ്പായി നിയമിച്ചിരുന്നത്. ആ പാരമ്പര്യമാണ് ബ്രിട്ടീഷ് കൊട്ടാരം ഷെറിയുടെ കാര്യത്തില്‍ തിരുത്തിയത്.

വെയില്‍സ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രു ജോണ്‍ കഴിഞ്ഞ മാസം രാജിവെച്ച ഒഴിവിലാണ് 66കാരിയായ ഷെറിയുടെ നിയമനം. ബാംഗോര്‍ കത്തീഡ്രലുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് ആര്‍ച്ചു ബിഷപ്പ് ആന്‍ഡ്രു സ്ഥാനമൊഴിഞ്ഞത്. അമിതമായ മദ്യപാനം, ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, മോശം ഭാഷ തുടങ്ങി നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മോണ്‍മൗത്തിലെ ബിഷപ്പായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഷെറിവാനെ. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലാദ്യമായി വൈദികനായി നിയമനം കിട്ടിയ വനിതയും ഷെറിവാനായിരുന്നു. കുത്തഴിഞ്ഞ അവസ്ഥയിലായിരുന്ന വെയില്‍സ് ഭദ്രാസനത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഷെറിയെ ആര്‍ച്ചു ബിഷപ്പാക്കിയതെന്ന് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഷെറിയുടെ നിയമനം യാഥാസ്ഥിതിക സഭാ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പും അമര്‍ഷവും ഉണ്ടായിട്ടുണ്ട്.