യു എസിന്റെ അധിക തീരുവയില്‍ പ്രതികാര നടപടികളില്ലെന്ന് ഇന്ത്യ

യു എസിന്റെ അധിക തീരുവയില്‍ പ്രതികാര നടപടികളില്ലെന്ന് ഇന്ത്യ


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ പ്രതികാരത്തിനില്ലെന്ന് ഇന്ത്യ. ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് മികച്ച താത്പര്യങ്ങള്‍ നിറവേറ്റുന്ന പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യു എസ് ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവയും അധിക പിഴയും വെള്ളിയാഴ്ച മുതലാണ് ഈടാക്കുന്നത്.

25 ശതമാനം തീരുവയും 10 ശതമാനം പിഴയും ഏര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകളെ ബാധിക്കുമെന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാറിന് പരിഭ്രാന്തിയില്ല. 1998ല്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോഴും യു എസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

ഇന്ത്യയെയും റഷ്യയെയും 'നിര്‍ജീവ സമ്പദ് വ്യവസ്ഥ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.  ട്രംപ് പറഞ്ഞത് ശരിയാണെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരിഹസിച്ചു. യു എസ് പ്രസിഡന്റ് ട്രംപ് ഒരു വസ്തുത പറഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇന്ത്യയുടേത് നിര്‍ജീവ സമ്പദ് വ്യവസ്ഥയാണെന്ന് ലോകം മുഴുവന്‍ അറിയാമെന്നും അദാനിയെ സഹായിക്കാന്‍ ബി ജെ പി സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.