ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ ആരംഭിച്ച പുതിയ 'കാസ്‌കേഡ്' സംവിധാനത്തിനു കീഴില്‍ കുറ്റമറ്റ വിസ ചരിത്രമുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് ചെയ്ത ദീര്‍ഘകാല ഷെങ്കന്‍ വിസയിലേക്ക് പ്രവേശനം ലഭ്യമാകും.
മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ഷെങ്കന്‍ വിസകള്‍ നേടിയ ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ഇപ്പോള്‍ രണ്ട് വര്‍ഷത്തെ മള്‍ട്ടി- എന്‍ട്രി വിസയ്ക്ക് അര്‍ഹതയുള്ളത്. ഇത് പിന്നീട് അഞ്ച് വര്‍ഷത്തെ വിസയായി അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.
വിസയുടെ കാലാവധിയില്‍ 29 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍/ ഷെങ്കന്‍ പ്രദേശം മുഴുവന്‍ സ്വതന്ത്രമായി സഞ്ചരിക്കാനാകും. എന്നാല്‍ ജോലി ചെയ്യാനുള്ള അവകാശം ഈ വിസയിലുണ്ടാവില്ല.
ദീര്‍ഘകാല ഷെങ്കന്‍ വിസകള്‍ പുതിയ യൂറോപ്യന്‍ യൂണിയന്‍ നയത്തിന്റെ തുടക്കമാണെന്നും അത് വിശ്വസ്തരായ യാത്രക്കാരെ അനുകൂലിക്കുകയും ആളുകള്‍ തമ്മിലുള്ള ബന്ധം സുഗമമാക്കുകയും ചെയ്യുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
2020ലെ ഷെങ്കന്‍ വിസ കോഡ് പരിഷ്‌കരണത്തിന്റെ ഭാഗമായാണ് കാസ്‌കേഡ് സിസ്റ്റം അവതരിപ്പിച്ചത്. ഇതുവരെ ഇന്ത്യക്കാര്‍, തുര്‍ക്കികള്‍, ഇന്തോനേഷ്യക്കാര്‍ എന്നിവരെ മാത്രമേ ഈ വിസ വ്യവസ്ഥയില്‍ കൊണ്ടുവന്നിട്ടുള്ളൂ.