നെടുങ്കണ്ടത്ത് ഇരട്ട കൊലപാതകമെന്ന് സംശയം: അമ്മയുടെയും മകന്റെയും മൃതദേഹം വീട്ടുവളപ്പിൽ; ഇളയ മകൻ ഒളിവിൽ

നെടുങ്കണ്ടത്ത് ഇരട്ട കൊലപാതകമെന്ന് സംശയം: അമ്മയുടെയും മകന്റെയും മൃതദേഹം വീട്ടുവളപ്പിൽ; ഇളയ മകൻ ഒളിവിൽ


ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ടതായി സംശയം. കാണാതായ ഇരുവരെയും കുറിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് വീട്ടിനോട് ചേർന്ന സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

പച്ചടി പൊന്നുട്ടയിൽ താമസിച്ചിരുന്ന മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ ഈ മാസം രണ്ടുമുതൽ കാണാതായിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങൾ ഇവരുടേതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. മൃതദേഹങ്ങൾ അഴുകിയ നിലയിലാണെന്നും ദിവസങ്ങൾ പഴക്കമുണ്ടെന്നും പോലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും.

മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ ഇപ്പോൾ കാണാതായിരിക്കുകയാണ്. ഇയാളാണ് ഇരുവരെയും കൊലപ്പെടുത്തി കുഴിച്ചിട്ടതെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. സജിയെ കണ്ടെത്തുന്നതിനായി നെടുങ്കണ്ടം പോലീസ് തിരച്ചിൽ ശക്തമാക്കി.