വെടിവെപ്പ് കേസിലെ മാനിഫെസ്റ്റോ വിവാദം: ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല, അത്തരത്തിലുള്ള ആളല്ല,- ട്രംപിന്റെ കടുത്ത പ്രതികരണം

വെടിവെപ്പ് കേസിലെ മാനിഫെസ്റ്റോ വിവാദം: ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല, അത്തരത്തിലുള്ള ആളല്ല,- ട്രംപിന്റെ കടുത്ത പ്രതികരണം


വാഷിംഗ്ടണിൽ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് ഡിന്നർ വേദിക്ക് സമീപം നടന്ന വെടിവെപ്പ് കേസിനെ തുടർന്ന് പ്രതിയുടെ 'മാനിഫെസ്റ്റോ' ചുറ്റിപ്പറ്റി പുതിയ വിവാദം. ഇതിൽ ഉൾപ്പെട്ട ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയ്‌ക്കെതിരെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചു.

ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ കാലിഫോർണിയ സ്വദേശിയായ 31കാരൻ കോൾ ടോമസ് അലൻ നിരവധി ആയുധങ്ങളുമായി സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിക്കുകയായിരുന്നു. വെടിയുതിർക്കുന്നതിനിടെ സുരക്ഷാസേന ഇടപെട്ട് ഇയാളെ കീഴടക്കി. ചടങ്ങ് നടന്ന ഹോട്ടലിന്റെ ബാൾറൂമിനോട് ചേർന്ന ഭാഗത്താണ് സംഭവം നടന്നത്.

സംഭവത്തിന് മണിക്കൂറുകൾക്കുശേഷം സി.ബി.എസ് ന്യൂസിലെ നോറ ഒ'ഡോണലുമായി നടത്തിയ അഭിമുഖത്തിനിടെ, പ്രതിയുടെ മാനിഫെസ്റ്റോയിലെ ചില ഭാഗങ്ങൾ വായിച്ചുകേൾപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. അതിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ഭാഗം ഉദ്ധരിച്ചതോടെ ട്രംപ് പ്രതികരിച്ചു.

'ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല, അത്തരത്തിലുള്ള ആളല്ല,' എന്ന് ട്രംപ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ആരോപണങ്ങൾ തനിക്കൊപ്പം ബന്ധിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയെ കുറിച്ച് സംസാരിക്കുമ്പോൾ, 'അവൻ റാഡിക്കൽ ആയ ആളാണ്, ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്നു മാറി ക്രിസ്ത്യൻ വിരുദ്ധനായി. മാനസികമായി അസ്വസ്ഥനായ ആളായിരിക്കാം,' എന്നും ട്രംപ് അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ രാഷ്ട്രീയഹിംസ വർധിക്കുന്നതിന് പ്രതിപക്ഷ നേതാക്കളുടെ 'ഹേറ്റ് സ്പീച്ച്' കാരണമാണെന്നാരോപിച്ചും ട്രംപ് രംഗത്തെത്തി.

സംഭവസമയത്ത് താനും പ്രഥമ വനിതയും(മെലാനിയെ) സുരക്ഷാ മുറിയിലേക്ക് മാറ്റപ്പെട്ടതായും, പിന്നീട് പരിപാടി തുടരാൻ ശ്രമിച്ചതായും ട്രംപ് പറഞ്ഞു.

വെടിവെപ്പ് കേസിൽ പ്രതിയുടെ ഉദ്ദേശ്യവും പശ്ചാത്തലവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.