അത്താഴ വിരുന്ന് വെടിവെയ്പിനെ അപലപിച്ച് ലോകനേതാക്കള്‍

അത്താഴ വിരുന്ന് വെടിവെയ്പിനെ അപലപിച്ച് ലോകനേതാക്കള്‍


വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് അത്താഴ വിരുന്നില്‍ നടന്ന വെടിവയ്പ്പിനെ ലോകമെമ്പാടുമുള്ള നേതാക്കള്‍ രാഷ്ട്രീയ അക്രമ പ്രവൃത്തിയായി അപലപിക്കുകയും ഡൊണാള്‍ഡ് ട്രംപും ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും പരിക്കേല്‍ക്കാത്തതില്‍ ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ട്രംപിന് ഐക്യദാര്‍ഢ്യ സന്ദേശം അയച്ചതായി അദ്ദേഹത്തിന്റെ ചീഫ് സെക്രട്ടറി ഡാരന്‍ ജോണ്‍സ് പറഞ്ഞു. 

ചാള്‍സ് രാജാവും കാമില രാജ്ഞിയും യു എസ് സന്ദര്‍ശിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. 

സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയി എന്ന് സ്റ്റാര്‍മര്‍ രാത്രിയില്‍ എക്സില്‍ എഴുതിയ ഒരു പോസ്റ്റില്‍ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കോ പത്രസ്വാതന്ത്ര്യത്തിനോ നേരെയുള്ള ഏതൊരു ആക്രമണത്തെയും ഏറ്റവും ശക്തമായി അപലപിക്കേണ്ടതാണെന്ന് അദ്ദേഹം എഴുതി. യു എസ് പ്രസിഡന്റ്, പ്രഥമ വനിത, പങ്കെടുക്കുന്ന എല്ലാവരും സുരക്ഷിതരാണെന്നത് വലിയ ആശ്വാസമാണെന്നും എഴുതി.

ട്രംപും ഭാര്യ മെലാനിയയും മറ്റ് അതിഥികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതില്‍ ചാള്‍സ് രാജാവിന് വളരെയധികം ആശ്വാസം ലഭിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഞായറാഴ്ച രാവിലെ എക്സില്‍ എഴുതിയത് അമേരിക്കന്‍ പ്രസിഡന്റിനെ ലക്ഷ്യമിട്ടുള്ള സായുധ ആക്രമണം അസ്വീകാര്യമാണെന്നും ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും ഡൊണാള്‍ഡ് ട്രംപിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നുമാണ്.

ജര്‍മ്മന്‍ ചാന്‍സലറായ ഫ്രെഡറിക് മെര്‍സ് ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല എന്ന സന്ദേശം ആവര്‍ത്തിച്ചു. തോക്ക് കൊണ്ടല്ല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ തീരുമാനിക്കുന്നതെന്ന് എക്‌സില്‍ എഴുതി. 

പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അവിടെ സന്നിഹിതരായ എല്ലാവരും സുരക്ഷിതരാണെന്ന് തനിക്ക് ആശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു എസുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ അഭിപ്രായ വ്യത്യാസമുള്ള കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സര്‍ക്കാര്‍ അത്താഴവിരുന്ന് വെടിവയ്പ്പില്‍  പ്രസിഡന്റും പ്രഥമ വനിതയും എല്ലാ അതിഥികളും സുരക്ഷിതരാണെന്ന് ആശ്വാസമുണ്ടെന്നും ഒരു ജനാധിപത്യത്തിലും രാഷ്ട്രീയ അക്രമത്തിന് സ്ഥാനമില്ലെന്നും പറഞ്ഞു. 

പ്രസിഡന്റ് ട്രംപും ഭാര്യയും സുരക്ഷിതരാണെന്ന് മികച്ചതാണെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു. 

പങ്കെടുത്ത എല്ലാവരും സുരക്ഷിതരാണെന്ന് കേട്ടതില്‍ സന്തോഷമുണ്ടെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. സീക്രട്ട് സര്‍വീസിന്റെയും നിയമ നിര്‍വ്വഹണ ഏജന്‍സികളുടെയും വേഗത്തിലുള്ള നടപടിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

യു എസിലെ ബ്രിട്ടീഷ് അംബാസഡര്‍ ക്രിസ്റ്റ്യന്‍ ടര്‍ണറും ചില എംബസി ഉദ്യോഗസ്ഥരും അത്താഴവിരുന്നില്‍ പങ്കെടുത്തു. താനും മറ്റുള്ളവരും സീക്രട്ട് സര്‍വീസിന്റെ വേഗത്തിലുള്ളതും പ്രൊഫഷണലുമായ പ്രതികരണത്തിന് നന്ദിയുള്ളവരാണെന്ന് ടര്‍ണര്‍ എക്സില്‍ പറഞ്ഞു. 

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരിക്കെ പരിക്കേറ്റ ഒരു ഉദ്യോഗസ്ഥയെ ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 

യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ, സുരക്ഷാ നയങ്ങള്‍ക്കായുള്ള ഉന്നത പ്രതിനിധി കാജ കല്ലാസ്, പ്രസിഡന്റിനും സംഘത്തിനും പരിക്കേറ്റിട്ടില്ലെന്ന് ആശ്വാസം പ്രകടിപ്പിച്ചു. 

സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആക്രമണത്തെ സ്പാനിഷ് ജനത അപലപിച്ചതായി പറഞ്ഞു. അക്രമം ഒരിക്കലും ഉത്തരമല്ലെന്നും ജനാധിപത്യം, സഹവര്‍ത്തിത്വം, സമാധാനം എന്നിവയിലൂടെ മാത്രമേ മനുഷ്യത്വം മുന്നോട്ട് പോകൂ എന്നും ്അദ്ദേഹം എക്‌സില്‍ കുറിച്ചു.

രാഷ്ട്രീയ വിദ്വേഷത്തിന് സ്ഥാനമില്ലെന്ന് ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പോസ്റ്റില്‍ എഴുതി. ജനാധിപത്യ രാജ്യങ്ങളില്‍ ഒരു രാഷ്ട്രീയ വിദ്വേഷത്തിനും സ്ഥാനമുണ്ടാകരുതെന്നും സ്വതന്ത്രമായ സംവാദത്തിന്റെയും വിവരങ്ങളുടെയും ഇടങ്ങളെ വിഷലിപ്തമാക്കാന്‍ മതഭ്രാന്തിനെ അനുവദിക്കില്ലെന്നും പറഞ്ഞു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബെഞ്ചമിന്‍ നെതന്യാഹു തുട്ങ്ങിയവര്‍ പ്രതികരിച്ചു.