ബി ജെ പിയില്‍ ചേര്‍ന്ന എം പിമാരെ അയോഗ്യരാക്കണമെന്ന് എ എ പി

ബി ജെ പിയില്‍ ചേര്‍ന്ന എം പിമാരെ അയോഗ്യരാക്കണമെന്ന് എ എ പി


ന്യൂഡല്‍ഹി: ബി ജെ പിയില്‍ ചേര്‍ന്ന ഏഴ് എം പിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന് എ എ പി അപേക്ഷ നല്‍കി.  പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം പിയുമായ സഞ്ജയ് സിങ്ങാണ് ചെയര്‍മാന് ഞായറാഴ്ച കത്ത് നല്‍കിയത്.

ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് എ എ പി ആരോപിക്കുന്നു.

വെള്ളിയാഴ്ചയാണ് എം പിമാരായ രാഘവ് ഛദ്ദ, അശോക് മിത്തല്‍, സന്ദീപ് പാഠക്, ഹര്‍ഭജന്‍ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവര്‍ എ എ പിയില്‍നിന്ന് രാജിവച്ച് ബി ജെ പിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ മൂന്നില്‍ രണ്ടുപേര്‍ മറ്റൊരു പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധിക്കില്ലെന്നാണ് രാഘവ് ഛദ്ദ വാദിക്കുന്നത്. രാജ്യസഭയില്‍ 10 അംഗങ്ങളാണ് ആംആദ്മിക്കുള്ളത്. ഇതില്‍ 7 പേരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. അതിനാല്‍ അയോഗ്യനാക്കാനാവില്ലെന്നാണ് ഇവരുടെ വാദം.