വൈറ്റ് ഹൗസ് ഡിന്നർ വെടിവെപ്പ്; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് ട്രംപ്, മെലാനിയക്ക് മാനസിക ആഘാതം

വൈറ്റ് ഹൗസ് ഡിന്നർ വെടിവെപ്പ്; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് ട്രംപ്, മെലാനിയക്ക് മാനസിക ആഘാതം


വാഷിംഗ്ടൺ:  വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിൽ ഉണ്ടായ വെടിവെപ്പ് സംഭവത്തെ തുടർന്ന് പ്രതിയുടെ ആദ്യ ചിത്രം പുറത്തുവിട്ട് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസ് ബ്രിഫിംഗ് റൂമിൽ നടത്തിയ പ്രസംഗത്തിൽ പ്രതി നിരവധി ആയുധങ്ങളുമായി സുരക്ഷാ പരിശോധന കേന്ദ്രത്തിലേക്ക് ആക്രമിച്ച് കയറിയതായും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ പ്രതികരിച്ചതിനെ ട്രംപ് പ്രശംസിച്ചു. വെടിവെപ്പിൽ ഒരുപോലീസ് ഉദ്യോഗസ്ഥന്  വെടിയേറ്റെങ്കിലും ബുള്ളറ്റ്പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നതിനാൽ രക്ഷപ്പെട്ടതായി ട്രംപ് പറഞ്ഞു. പിന്നീട് പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന് പിന്നാലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നിന്നു ട്രംപിനെ അടിയന്തരമായി മാറ്റിയിരുന്നു. പ്രതി കാലിഫോർണിയ സ്വദേശിയാണെന്നും 'മാനസികമായി അസ്വസ്ഥനായ വ്യക്തി' ആണെന്നും ട്രംപ് പറഞ്ഞു. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക സൂചന.

പ്രഥമ വനിതയായ മെലാനിയ ട്രംപിന് ഈ സംഭവം വലിയ മാനസിക ആഘാതമുണ്ടാക്കിയതായി ട്രംപ് അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പ്രതിയെ 'കോൾ തോമസ് ആലൻ' എന്ന പേരിൽ ചില മാധ്യമങ്ങൾ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. കാലിഫോർണിയക്കാരനായ ഇയാളുടെ താമസസ്ഥലത്ത് പരിശോധനകൾ പുരോഗമിക്കുകയാണ്.

സംഭവത്തെ തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണം തുടരുകയാണ്.