വാഷിംഗ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾ നടക്കുമെന്ന പ്രതീക്ഷയ്ക്കിടെ പാകിസ്താനിലേക്ക് യുഎസ് പ്രതിനിധി സംഘം പോകില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വം കൂടുതൽ ശക്തമായി.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനായ ജാരെഡ് കുഷ്‌നർ എന്നിവർ പാകിസ്താനിലെ ഇസ്‌ലാമാബാദിലേക്ക് യാത്രതിരിക്കാനിരിക്കെ അവസാന നിമിഷം ട്രംപ് തീരുമാനം മാറ്റുകയായിരുന്നു. ദൈർഘ്യമേറിയ യാത്രക്കും ഫലപ്രദമല്ലാത്ത ചർച്ചകൾക്കുമിടയിൽ സമയം പാഴാകുന്നുവെന്ന വിലയിരുത്തലിലാണ് ഈ നീക്കം.
'അമേരിക്കയ്ക്കാണ് മേൽക്കൈ; ഇറാൻ സംസാരിക്കാൻ താൽപര്യമുണ്ടെങ്കിൽ അവർ തന്നെയാണ് ബന്ധപ്പെടേണ്ടത്' എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ഇതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി പാകിസ്താൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി. യുഎസുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന് ഉണ്ടായിരുന്ന സൂചനകൾക്ക് ഇതോടെ തിരിച്ചടിയേറ്റു.
പാകിസ്താൻ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള നിലപാട് വ്യത്യാസങ്ങൾ കാരണം പുരോഗതി ഉണ്ടായിട്ടില്ല. ഇറാൻ നേരിട്ടുള്ള ചർച്ചകളിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന നിലപാടും നിലനിൽക്കുന്നു.
യുഎസ്-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഈ നീക്കം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ അവസ്ഥയിൽ ചർച്ചകൾ എപ്പോൾ പുനരാരംഭിക്കും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
പാകിസ്താനിലേക്ക് യുഎസ് സംഘം പോകില്ലെന്ന് ട്രംപ്; ഇറാൻ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ
