വാഷിംഗ്ടൺ: വൈറ്റ് ഹൗസ് മാധ്യമ പ്രവർത്തകരുടെ ഡിന്നർ ചടങ്ങിനിടെ ഉണ്ടായ സുരക്ഷാ ഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഥമ വനിത മെലാനിയ ട്രംപ് അടക്കമുള്ള പ്രമുഖരെ ശനിയാഴ്ച രാത്രി അടിയന്തരമായി ഒഴിപ്പിച്ചു. സംഭവം നടക്കുമ്പോൾ ഒന്നിലേറെ തവണ വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്.
വാഷിംഗ്ടണിലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയാണ് സുറക്ഷാ ഭീഷണിയെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് പാഞ്ഞുകയറിയത്. അതിഥികളായി പങ്കെടുത്ത നൂറുകണക്കിന് പേർക്ക് മേശകളുടെ കീഴിൽ ഒളിച്ചിരിക്കേണ്ടി വന്നു. 'താഴേക്ക് കുനിയുക' എന്ന മുന്നറിയിപ്പുകൾ കേട്ടതായും സാക്ഷികൾ പറയുന്നു.
പ്രസിഡന്റായി ആദ്യമായി ചടങ്ങിൽ പങ്കെടുക്കുന്ന ട്രംപിന്റെ സാന്നിധ്യം ഇതിനകം ശ്രദ്ധേയമായിരുന്നു. മാധ്യമങ്ങളുമായി അദ്ദേഹത്തിന്റെ ബന്ധം വിവാദപരമായ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ പരിപാടി നടന്നത്.
ചടങ്ങിൽ പ്രവേശിക്കുമ്പോൾ 'ഹെയിൽ ടു ദി ചീഫ്' എന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ട്രംപ് പ്രമുഖ മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്തു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റിനെയും അദ്ദേഹം അഭിനന്ദിച്ചു.
മുൻ പ്രസിഡന്റുമാർ പൊതുവേ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും പ്രസംഗിച്ചിരുന്ന ഈ വേദി, ഇത്തവണയും അതേ രീതിയിൽ തുടരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സുരക്ഷാ ഭീഷണി കാരണം ചടങ്ങ് ഇടയ്ക്ക് നിർത്തിവെയ്‌ക്കേണ്ടിവന്നു.
അമേരിക്കൻ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള സംഘർഷഭരിതമായ ബന്ധം ഈ പരിപാടിയിലൂടെ വീണ്ടും ശ്രദ്ധയിൽപ്പെട്ടു. ചില മാധ്യമപ്രവർത്തകർ ഇത്തരം പരിപാടികൾ പത്രപ്രവർത്തകരും ഭരണകൂടവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ചർച്ചകൾക്ക് വഴിയൊരുക്കുന്നുവെന്നും വിമർശനം ഉയർത്തി.
സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണിയുടെ സ്വഭാവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വൈറ്റ് ഹൗസ് ഡിന്നറിൽ സുരക്ഷാ ഭീഷണി; ട്രംപിനെ ഒഴിപ്പിച്ചു, പരിക്കുകളില്ലെന്ന് റിപ്പോർട്ട്
