കൊളംബിയ ഹൈവേ സ്‌ഫോടനം; 13ൽ കൂടുതൽ പേർ കൊല്ലപ്പെട്ടു, ആക്രമണ പരമ്പര ആശങ്കയാകുന്നു

കൊളംബിയ ഹൈവേ സ്‌ഫോടനം; 13ൽ കൂടുതൽ പേർ കൊല്ലപ്പെട്ടു, ആക്രമണ പരമ്പര ആശങ്കയാകുന്നു


ബോഗോട്ട: ദക്ഷിണപടിഞ്ഞാറൻ കൊളംബിയയിൽ നടന്ന ഭീകരാക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചു കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. തിരക്കേറിയ പാൻഅമേരിക്കൻ ഹൈവേയിൽ കാജിബിയോ മേഖലയിലെ എൽ ട്യൂണൽ ഭാഗത്താണ് സ്‌ഫോടനം ഉണ്ടായത്.

റോഡിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കിടയിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതോടെ വൻ ഗർത്തം രൂപപ്പെട്ടു. നിരവധി കാറുകളും ബസുകളും തകർന്ന നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് മൃതദേഹങ്ങളും ചിതറിക്കിടന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇത് കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളുടെ ഒരു 'പരമ്പരയുടെ' ഭാഗമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കാവ്ക പ്രവിശ്യയിൽ ഉൾപ്പെടെ പല പ്രദേശങ്ങളിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഈ സംഭവം സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട 'വിവേചനമില്ലാത്ത ആക്രമണം' ആണെന്ന് കാവ്ക ഗവർണർ ഒക്ടാവിയോ ഗുസ്മാൻ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിരോധ മന്ത്രി പെഡ്രോ സാൻചസ് സ്ഥലത്തെത്തി. ദേശീയ തലത്തിൽ അടിയന്തര സുരക്ഷാ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ മുൻ ഇടതുപക്ഷ സായുധ സംഘടനയായ ഫാർക് (FARC)ൽ നിന്ന് പിരിഞ്ഞുപോയ വിഭാഗങ്ങളാണെന്ന് കൊളംബിയ സൈന്യം ആരോപിച്ചു. 2016ലെ സമാധാന കരാറിനു ശേഷവും ചില വിഭാഗങ്ങൾ ആയുധം ഉപേക്ഷിക്കാതെ ഗ്രാമപ്രദേശങ്ങളിൽ സായുധ പ്രവർത്തനം തുടരുന്നുവെന്നാണ് റിപ്പോർട്ട്. 

പ്രസിഡന്റ് ഗുസ്താവോ പെട്രോ ആക്രമണത്തെ ശക്തമായി അപലപിച്ചു. മയക്കുമരുന്ന് കടത്ത് ബന്ധമുള്ള ഭീകരസംഘടനകളെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് വീണ്ടും ഉയരുന്ന അതിക്രമ പരമ്പര പൊതുജന സുരക്ഷയെ കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ.