തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറയുമ്പോള്‍ ഇറാനിയന്‍ തുറമുഖങ്ങളുടെ ഉപരോധം തുടര്‍ന്നാല്‍ പ്രതികരിക്കുമെന്ന് ഇറാന്‍ ശനിയാഴ്ച പറഞ്ഞു. ഇറാനിയന്‍ സൈന്യം യു എസ് നീക്കത്തെ 'കൊള്ള' എന്നും 'കടല്‍ക്കൊള്ള' എന്നും വിളിച്ചു.
അധിനിവേശ യു എസ് സൈന്യം മേഖലയില്‍ ഉപരോധം, കൊള്ള, കടല്‍ക്കൊള്ള എന്നിവ തുടരുന്നുവെന്നും ഇറാന്റെ ശക്തമായ സായുധ സേനയില്‍ നിന്ന് അവര്‍ക്ക് മറുപടി നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കണമെന്നും സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് ഐ ആര്‍ ഐ ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ശത്രുക്കളുടെ പെരുമാറ്റവും നീക്കങ്ങളും നിരീക്ഷിക്കുന്നതിനിടയില്‍ തങ്ങള്‍ തയ്യാറാണെന്നും ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്നും തുടര്‍ന്നു.
അമേരിക്കന്‍ സൈന്യം ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം 'എത്ര കാലം വേണമെങ്കിലും' നിലനിര്‍ത്തുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
ആഗോള ഊര്‍ജ്ജ വിതരണത്തിനുള്ള പ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയതിന് മറുപടിയായാണ് യു എസിന്റെ നാവിക ഉപരോധം.
അതേസമയം, സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അമേരിക്കയും ഇറാനും സ്വീകരിച്ചുവരികയാണ്. യു എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനില്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി.
പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സെനറ്റര്‍ മുഹമ്മദ് ഇഷാഖ് ദാര്‍, കരസേനാ മേധാവിയും പ്രതിരോധ സേനാ മേധാവിയുമായ ഫീല്‍ഡ് മാര്‍ഷല്‍ സയ്യിദ് അസിം മുനീര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ട്.
