ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോ നഗരത്തിലെ ഒരു ആശുപത്രിക്കുള്ളിൽ കസ്റ്റഡിയിലായിരുന്ന പ്രതി നടത്തിയ വെടിവെപ്പിനെ തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരാൾ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ 10.50ഓടെ എൻഡീവർ ഹെൽത്ത് സ്വീഡിഷ് ഹോസ്പിറ്റലിലാണ് സംഭവം.
ആശുപത്രിയിൽ ചികിത്സയ്ക്കായി പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ എമർജൻസി വിഭാഗത്തിലേക്ക് കൊണ്ടുവന്നിരുന്നു. സുരക്ഷാ പരിശോധനകൾ നടത്തിയ ശേഷവും ഇയാളെ പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കെ, അപ്രതീക്ഷിതമായി ഉദ്യോഗസ്ഥർക്കുനേരെ വെടിവെക്കുകയായിരുന്നു. തുടർന്ന് ഇയാൾ ആശുപത്രി പരിസരത്ത് നിന്ന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് വീണ്ടും പിടിയിലായി.
സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ രോഗികൾക്കും ജീവനക്കാർക്കും യാതൊരു പരിക്കുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിന്നീട് നിയന്ത്രിത പ്രവേശനത്തോടെ ആശുപത്രി വീണ്ടും പ്രവർത്തനം ആരംഭിച്ചു.
കൊല്ലപ്പെട്ടത് 10 വർഷത്തെ സേവനമുള്ള 38കാരനായ ഉദ്യോഗസ്ഥനാണെന്ന് ഷിക്കാഗോ പൊലീസ് മേധാവി ലാറി സ്‌നെല്ലിംഗ് അറിയിച്ചു. ഗുരുതരാവസ്ഥയിൽ തുടരുന്ന മറ്റൊരു ഉദ്യോഗസ്ഥന് 21 വർഷത്തെ സേവന പരിചയമുണ്ട്. കുടുംബങ്ങളെ അറിയിച്ച ശേഷം മാത്രമേ പേരുകൾ പുറത്തുവിടുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംഭവം 'നഗരത്തിന് ഏറെ ദുഃഖകരമായ നിമിഷം' ആണെന്ന് മേയർ ബ്രാൻഡൻ ജോൺസൺപറഞ്ഞു. പൊലീസുകാർക്ക് മാനസിക പിന്തുണ നൽകാൻ നഗര ഭരണകൂടം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്ക് ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക പ്രതിനിധി ആൻഡ്രെ വാസ്‌കസ് അഭ്യർത്ഥിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ്.
ഷിക്കാഗോ ആശുപത്രിയിൽ കസ്റ്റഡി പ്രതിയുടെ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ
