വെടിവെപ്പിന് പിന്നാലെ പ്രതികരിച്ച് ട്രംപ് ; 'ഏറ്റവും അനുചിതമായ പ്രസംഗം പറയാനായിരുന്നു തയ്യാറായത്'

വെടിവെപ്പിന് പിന്നാലെ പ്രതികരിച്ച് ട്രംപ് ; 'ഏറ്റവും അനുചിതമായ പ്രസംഗം പറയാനായിരുന്നു തയ്യാറായത്'


വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിൽ വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് സുരക്ഷിതമായി മാറ്റിയതിന് പിന്നാലെ പ്രതിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. 'ഇന്നത്തെ വേദിയിൽ ഏറ്റവും അനുചിതമായ പ്രസംഗം പറയാനായിരുന്നു ഞാൻ തയ്യാറായത്,' എന്നാണ് ട്രംപ് പറഞ്ഞത്.

പ്രസംഗത്തിനായി തയ്യാറായിരുന്നുവെങ്കിലും വെടിവെപ്പ് സംഭവിച്ചതോടെ പരിപാടി തടസ്സപ്പെട്ടു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ഇനി നടക്കുന്ന പരിപാടിയിൽ 'വളരെ സൗമ്യമായും ബോറടിപ്പിക്കുന്ന രീതിയിലും' സംസാരിക്കാമെന്ന് തമാശയായി പറഞ്ഞു.

സംഭവം പ്രഥമ വനിതയായ മെലാനിയയ്ക്ക് മാനസികമായി വലിയ ആഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ സ്ഥലത്ത് നിന്ന് മാറാൻ താൻ ആദ്യം തയ്യാറായിരുന്നില്ലെങ്കിലും, ഭീഷണി വ്യക്തമല്ലാത്തതിനാൽ പ്രോട്ടോക്കോൾ അനുസരിച്ച് മാറ്റുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കസ്റ്റഡിയിലെടുത്ത പ്രതിയെ 'മാനസികമായി അസ്വസ്ഥനായ ഒരാൾ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 'ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കാൻ അനുവദിക്കില്ല,' എന്നും അദ്ദേഹം വ്യക്തമാക്കി.

30 ദിവസത്തിനുള്ളിൽ പരിപാടി വീണ്ടും സംഘടിപ്പിക്കുമെന്നും, അത് 'കൂടുതൽ മികച്ചതും ഭംഗിയേറിയതുമായിരിക്കും' എന്നും ട്രംപ് അറിയിച്ചു. സംഭവത്തെ ഉത്തരവാദിത്തത്തോടെ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഇതിനിടെ, പ്രതിക്കെതിരെ ഉടൻ കുറ്റം ചുമത്തുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചേ പറഞ്ഞു. എഫ്ബിഐയും സീക്രട്ട് സർവീസും ഇപ്പോഴും സ്ഥലത്ത് തെളിവുകൾ ശേഖരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം രാജ്യത്ത് സുരക്ഷാ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.