ചെന്നൈ: ഐ പി എല്ലില്‍ പുതിയ റെക്കോഡിട്ട് മലയാളി താരം സഞ്ജു സാംസണ്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 11 റണ്‍സ് നേടിയതോടെ ഐ പി എല്ലില്‍ അതിവേഗത്തില്‍ അയ്യായിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സഞ്ജു ഇടം പിടിച്ചു.
3555 പന്തുകളില്‍ നിന്നുമാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. ഇതോടെ സുരേഷ് റെയ്‌ന (3620 പന്തുകള്‍), എം എസ് ധോണി (3691), കെ എല്‍ രാഹുല്‍ (3688) എന്നിവരുടെ റെക്കോഡ് സഞ്ജു മറികടന്നു.
5,000 ഐപിഎല്‍ റണ്‍സ് നേടുന്ന പത്താമത്തെ ബാറ്ററാണ് സഞ്ജു. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ (3554 പന്തുകള്‍), എ ബി ഡിവില്ലിയേഴ്‌സ് (3288 പന്തുകള്‍) എന്നിവരാണ് ഈ പട്ടികയില്‍ സഞ്ജുവിന് മുന്നിലുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കാഗിസോ റബാഡ എറിഞ്ഞ പന്തില്‍ ഓഫ് സൈഡിലേക്ക് ബൗണ്ടറി അടിക്കാനുള്ള ശ്രമം പാളുകയും ജോസ് ബട്ലര്‍ ക്യാച്ചെടുത്താണ് സഞ്ജുവിനെ പുറത്താക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സഞ്ജു സെഞ്ചുറി നേടിയിരുന്നു. ഏപ്രില്‍ 11ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന മത്സരത്തിലും പുറത്താവാതെ 115 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഒരു ഐ പി എല്‍ സീസണില്‍ ആദ്യമായാണ് സഞ്ജു രണ്ട് സെഞ്ചുറികള്‍ നേടുന്നത്. ടി20യില്‍ മാത്രമായി 8 സെഞ്ചുറികളുണ്ട് സഞ്ജുവിന്റെ പേരില്‍. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, അഭിഷേക് ശര്‍മ എന്നിവരാണ് 9 സെഞ്ചുറികളുമായി സഞ്ജുവിന് മുന്നിലുള്ളത്. 8 മത്സരങ്ങളില്‍ നിന്നായി 59.60 ശരാശരിയില്‍ 172.2 സ്‌ട്രൈക്ക്‌റേറ്റില്‍ 298 റണ്‍സുണ്ട് ഈ സീസണില്‍ സഞ്ജുവിന്.
