അമരാവതി: ജനസംഖ്യാ വര്‍ധന പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപയും നാലാമത്തെ കുഞ്ഞിന് 40,000 രൂപയും ധനസഹായമായി നല്‍കുമെന്ന് ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം. ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയില്‍ നടന്ന പൊതുയോഗത്തിലാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
സ്വര്‍ണ ആന്ധ്ര- സ്വച്ഛ്ആന്ധ്ര പരിപാടിക്കിടെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഒരു മാസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനസംഖ്യ നിയന്ത്രണ നയങ്ങളെ മുന്‍പ് പിന്തുണച്ചിരുന്ന നായിഡു ഇപ്പോള്‍ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണെന്ന് അഭിപ്രായപ്പെട്ടു.
ഇതിന് മുമ്പ് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്ന കുടുംബങ്ങള്‍ക്ക് 25,000 രൂപ നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുന്നതായി അദ്ദേഹം നിയമസഭയില്‍ അറിയിച്ചിരുന്നു. പിന്നീട് ആരോഗ്യ മന്ത്രി സത്യകുമാര്‍ യാദവ് മൂന്നാമത്തെയും അതിന് മുകളിലുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കും പ്രോത്സാഹന ധനസഹായം വ്യാപിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ കുടുംബങ്ങളുടെ വലുപ്പത്തെ സ്വാധീനിക്കുന്നുവെന്ന് നായിഡു പറഞ്ഞു. വരുമാനം ഉയരുന്നതിനനുസരിച്ച് ചിലര്‍ ഒരു കുഞ്ഞില്‍ ഒതുങ്ങുന്നുവെന്നും ആദ്യ കുഞ്ഞ് ആണ്‍കുട്ടിയല്ലെങ്കില്‍ മാത്രമാണ് ചില കുടുംബങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനസംഖ്യ സ്ഥിരത നിലനിര്‍ത്താന്‍ സ്ത്രീപ്രതി ശരാശരി 2.1 കുട്ടികളെന്ന പുനഃസ്ഥാപന നിരക്ക് നിലനിര്‍ത്തേണ്ടതുണ്ടെന്ന് നായിഡു പറഞ്ഞു. ജനസംഖ്യ കുറയുകയും പ്രായമായ സമൂഹങ്ങള്‍ രൂപപ്പെടുകയും ചെയ്തതോടെ പല രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികള്‍ ഒരു ഭാരമല്ല, മറിച്ച് വലിയ സമ്പത്താണ് എന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
