വാഷിംഗ്ടണ്‍: അമേരിക്കന്‍ നാടോടി ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാള സിനിമയില്‍ പിന്നണി ഗാനം ആലപിച്ച ആദ്യ അമേരിക്കക്കാരന്‍ കൂടിയാണ് ഗ്രേഡി ലോങ്.
വാരിക്കുഴിയിലെ കൊലപാതകം സിനിമയില്‍ അയ്യാ ശക്തി എന്ന ഗാനം അദ്ദേഹമാണ് ആലപിച്ചത്. അമേരിക്കന്‍ നാടോടി സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഗ്രാമി പുരസ്‌ക്കാരം ലഭിച്ച ലോങ് കുടുംബാംഗമായ ഗ്രേഡിയുടെ ഭാര്യ ആലപ്പുഴ പായിപ്പാട് സ്വദേശി സുജ സൂസന്‍ ലോങാണ്.
മലയാള ഗാനങ്ങള്‍ പാടുന്ന അമേരിക്കന്‍ ഗായകനെന്ന നിലയില്‍ ശ്രദ്ധേയനായ ഗ്രേഡി നോക്കെത്താ ദൂരത്ത് കണ്ണുംനട്ടിലെ ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ പാടി വൈറലായിരുന്നു. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഉള്‍പ്പെടെയുള്ള മലയാളം ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
ആയിരം കണ്ണുമായി ഗ്രേഡി പാടിയത് പ്രസ്തുത ഗാനത്തിന്റെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിനെ അത്ഭുതപ്പെടുത്തിയിരുന്നു. കേരളത്തില്‍ വരുമ്പോഴെല്ലാം ഗ്രേഡി ജെറി അമല്‍ദേവുമായി സമയം പങ്കിട്ടിരുന്നു.
വാരിക്കുഴിയിലെ കൊലപാതകത്തിന് പുറമേ ഇന്നുമുതല്‍, ആന്‍ ഇന്റര്‍നാഷണല്‍ ലവ് സ്റ്റോറി തുടങ്ങിയവയിലും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലന്‍ ആലപിച്ചും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
