ടെഹ്‌റാൻ: ലോകത്തിലെ എണ്ണ-വാതക ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ കപ്പൽഗതാഗതം നിയന്ത്രിക്കാൻ പുതിയ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നതായി ഇറാൻ. രാജ്യത്തിന്റെ പരമാധികാരവും അന്താരാഷ്ട്ര വ്യാപാരസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശകാര്യ സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ നിശ്ചിത പാതയിലൂടെ കപ്പൽഗതാഗതം നിയന്ത്രിക്കുന്ന 'പ്രൊഫഷണൽ മെക്കാനിസം' ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇറാനുമായി സഹകരിക്കുന്ന വാണിജ്യ കപ്പലുകൾക്കും രാജ്യങ്ങൾക്കും മാത്രമേ ഈ സംവിധാനത്തിന്റെ ആനുകൂല്യം ലഭിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സംവിധാനത്തിന്റെ ഭാഗമായി പ്രത്യേക സേവനങ്ങൾക്കായി ഫീസ് ഈടാക്കുമെന്നും അസീസി പറഞ്ഞു. അതേസമയം, ഇറാന്റെ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് ഹോർമുസ് വഴിയുള്ള പ്രവേശനം നിയന്ത്രിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയെയും ഇസ്രയേലിനെയും നേരിട്ട് പരാമർശിക്കാതെയായിരുന്നു പ്രതികരണം.
'സ്വാതന്ത്ര്യ പദ്ധതി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശക്തികളുടെ പ്രവർത്തനങ്ങൾക്ക് ഈ പാത തുറന്നുകൊടുക്കില്ല,' എന്നും അസീസി പറഞ്ഞു.
ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. മേഖലയിലെ സംഘർഷാവസ്ഥയും ഗതാഗത തടസങ്ങളും ഇതിനകം തന്നെ ലോക സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിരിക്കുകയാണ്. എണ്ണവിതരണ ക്ഷാമത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ ചെലവുകുറയ്ക്കൽ നടപടികളിലേക്ക് നീങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, അമേരിക്കയുമായി ചർച്ച തുടരാൻ വാഷിങ്ടൺ താത്പര്യം പ്രകടിപ്പിച്ചതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചി അറിയിച്ചു. ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക ഇറാന്റെ നിർദേശങ്ങൾ തള്ളിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, ചർച്ചകൾ തുടരാൻ തയാറാണെന്ന സന്ദേശം വീണ്ടും അമേരിക്കയിൽ നിന്ന് ലഭിച്ചതായി അറാഘ്ചി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുമ്പ് സോഷ്യൽ മീഡിയയിലൂടെ ഇറാന്റെ നിർദേശങ്ങളെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് യുദ്ധാവസ്ഥയിലുള്ള രാജ്യങ്ങളെ ഒഴികെ എല്ലാവർക്കും തുറന്നിരിക്കുകയാണെന്നും, കടലിടുക്ക് വഴി കടന്നുപോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ സഹായം നൽകാൻ തയ്യാറാണെന്നും അറാഘ്ചി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണ സംവിധാനം; സഹകരിക്കുന്ന കപ്പലുകൾക്ക് മാത്രം അനുമതിയെന്ന് ഇറാൻ
