സതീശൻ മന്ത്രിസഭാ രൂപീകരണം അന്തിമഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം ലഭിക്കുമെന്ന് സൂചന

സതീശൻ മന്ത്രിസഭാ രൂപീകരണം അന്തിമഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം ലഭിക്കുമെന്ന് സൂചന


തിരുവനന്തപുരം: തിങ്കളാഴ്ച അധികാരമേൽക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിലെ കോൺഗ്രസ് അംഗങ്ങളെക്കുറിച്ച് ഏകദേശ ധാരണയായി. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകാനാണ് തീരുമാനമായതെന്നാണ് സൂചന. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ എന്നിവർ മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് വിവരം. ശേഷിക്കുന്ന മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. കോൺഗ്രസിന് ആകെ പതിനൊന്ന് മന്ത്രിമാർ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അദ്ദേഹത്തിന്റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിസഭയിൽ ചേരാനുള്ള തീരുമാനത്തിലേക്ക് ചെന്നിത്തല എത്തിയത്. 'സ്ഥാനമാനങ്ങൾ വേണ്ടെന്ന് പലവട്ടം പറഞ്ഞ നേതാവാണ് രമേശ് ചെന്നിത്തല. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനമാണ് ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്നുണ്ടാകുക,' എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

താൻ എന്നും യഥാർഥ കോൺഗ്രസുകാരനായിരിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇതിനുമുമ്പ് വി.ഡി. സതീശനും ചെന്നിത്തലയെ വീട്ടിലെത്തി കണ്ടിരുന്നു. ആ കൂടിക്കാഴ്ചയിലാണ് ആഭ്യന്തര വകുപ്പ് നൽകാമെന്ന ഉറപ്പ് ലഭിച്ചതെന്നാണ് സൂചന.

അതേസമയം, മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് വിവരം. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പാറയ്ക്കൽ അബ്ദുള്ള എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. പി.കെ. ബഷീറിനെ മന്ത്രിയാക്കുന്നതിനെതിരെ ലീഗിനകത്ത് ഒരു വിഭാഗം അതൃപ്തി രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

മന്ത്രി സ്ഥാന ചർച്ചകളുടെ ഭാഗമായി വി.ഡി. സതീശൻ രാവിലെ തിരുവനന്തപുരത്തെ പാണക്കാട് ഹൗസിൽ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേരളം അർഹിക്കുന്ന ഭരണാധികാരിയാണ് വി.ഡി. സതീശനെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

പാണക്കാട് കുടുംബവുമായി വർഷങ്ങളായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയ വി.ഡി. സതീശൻ, യുഡിഎഫിന്റെ മതേതര രാഷ്ട്രീയ നിലപാടിന് ഏറ്റവും വലിയ കരുത്ത് മുസ്ലിം ലീഗാണെന്ന് പറഞ്ഞു. സംസ്ഥാനത്ത് വിദ്വേഷപ്രചരണം നടത്തി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നപ്പോൾ അതിനെ ചെറുത്തത് ലീഗും സാദിഖലി തങ്ങളും സ്വീകരിച്ച നിലപാടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളുരുത്തി, മുനമ്പം വിഷയങ്ങൾ വലിയ സംഘർഷങ്ങളിലേക്ക് നീങ്ങുമായിരുന്നുവെങ്കിലും അതിനെ ശമിപ്പിക്കാൻ ലീഗ് നേതൃത്വം നിർണായക പങ്കുവഹിച്ചുവെന്നും കേരളത്തിൽ ആരും ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കാൻ അനുവദിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.