സമാധാന കരാറിലെത്തിയില്ലെങ്കിൽ സർവനാശം; ഇറാനെതിരേ വീണ്ടും ട്രംപ്

സമാധാന കരാറിലെത്തിയില്ലെങ്കിൽ സർവനാശം; ഇറാനെതിരേ വീണ്ടും ട്രംപ്


വാഷിം​ഗ്ടൺ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ സമാധാന കരാറിലെത്തിയില്ലെങ്കിൽ സർവനാശത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷം അടക്കമുള്ള വിഷയങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിം​ഗുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷം യു.എസ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വീണ്ടും ഭീഷണിയുമായി രം​ഗത്തെത്തിയത്. 

ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ട്രംപ്, കരാറുണ്ടാക്കിയില്ലെങ്കിൽ അവർ നാമാവശേഷമാകുമെന്നും കൂട്ടിച്ചേർത്തു. അമേരിക്കയും ഇറാനും തമ്മിൽ കരാറുണ്ടാക്കാൻ ഷീ ജിൻപിം​ഗും ആ​ഗ്രഹിക്കുന്നുണ്ട്. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് ചൈനയും ആ​ഗ്രഹിക്കുന്നില്ല. ഇറാനിലെ ഖാര്‍ഗ് ദ്വീപ് വെറും ‘നാലോ അഞ്ചോ മിനിറ്റിനുള്ളില്‍’ നിര്‍വീര്യമാക്കാന്‍ യുഎസിന് കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ അറിയിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഇറാനുള്ള ചൈനയുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇക്കാര്യം ഷിയുമായി ചര്‍ച്ച ചെയ്തതായും ഇറാനു സൈനിക ഉപകരണങ്ങള്‍ നല്‍കില്ലെന്ന് ഷി തനിക്ക് ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്ക് നിയന്ത്രണങ്ങളോ ടോളുകളോ ഇല്ലാതെ തുറക്കണമെന്ന് ചൈന ആ​ഗ്രഹിക്കുന്നുണ്ടെന്ന് യു.എസ് വ്യാപാര മേധാവി ജാമിസൺ ​ഗ്രീർ പറഞ്ഞു. വിഷയത്തിൽ ഇറാൻ പ്രായോ​ഗികമായി പ്രവർത്തിക്കുമെന്ന് വാഷിം​ഗ്ടൺ പ്രതീക്ഷിക്കുന്നു.