തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള കുറ്റാരോപിതരെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്തുനിന്ന് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് പോലീസ് മേധാവി ഉറപ്പുവരുത്തണം.
ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് ലോക്കപ്പുകളിലുള്ളവരെ അടിവസ്ത്രം മാത്രം ധരിക്കാൻ നിർബന്ധിക്കുന്നതെന്നും ഇത് മനുഷ്യാവകാശങ്ങളുടെെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ഇക്കാര്യത്തിൽ കമ്മിഷൻ എ.ഡി.ജി.പിയിൽ (ക്രമസമാധാനം) നിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. ഇത്തരം നടപടികളുണ്ടാകരുതെന്നും കുറ്റാരോപിതരുടെ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കുന്ന നടപടികളുണ്ടാകരുതെന്നും പൊലീസ് ആസ്ഥാനത്തുനിന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി അറിയിച്ചിരുന്നു.
ലോക്കപ്പിൽ ആരെയും അടിവസ്ത്രത്തിൽ നിറുത്തണ്ട; കർശന നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ
