മോഡിക്ക് യുഎഇയിൽ അത്യപൂർവ സ്വീകരണം; 42,000 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനവും നിർണായക കരാറുകളും

മോഡിക്ക് യുഎഇയിൽ അത്യപൂർവ സ്വീകരണം; 42,000 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനവും നിർണായക കരാറുകളും


അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദർശനത്തിനിടെ ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന വൻ നിക്ഷേപ പ്രഖ്യാപനങ്ങളും നിർണായക കരാറുകളും ഉണ്ടായി. ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ബാങ്കിങ് രംഗത്തിനുമായി അഞ്ചു ശതകോടി ഡോളർ (ഏകദേശം 42,000 കോടി രൂപ) നിക്ഷേപിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധം, ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. ആർബിഎൽ ബാങ്ക്, സമ്മാൻ ക്യാപിറ്റൽ എന്നിവയിലും ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ മേഖലയിലുമാണ് യുഎഇ പ്രധാനമായും നിക്ഷേപം നടത്തുക.

ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) വിതരണം, സ്ട്രാറ്റജിക് പെട്രോളിയം റിസർവ് എന്നിവയുമായി ബന്ധപ്പെട്ട പുതിയ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ആഗോള ഊർജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കരാറുകൾക്ക് പ്രാധാന്യം നൽകുന്നത്.

പശ്ചിമേഷ്യയിലെ അശാന്തിയും ഇന്ധനവില വർധനയും തുടരുന്നതിനിടെയായിരുന്നു മോഡിയുടെ അബുദാബി സന്ദർശനം. വ്യാപാരം, നിക്ഷേപം, ഊർജ സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ഏഴാമത്തെ വലിയ നിക്ഷേപ സ്രോതസ്സുമാണ് യുഎഇ.

അതേസമയം, മോഡിക്ക് യുഎഇ ഒരുക്കിയ സ്വീകരണവും ശ്രദ്ധേയമായി. പ്രധാനമന്ത്രി സഞ്ചരിച്ച പ്രത്യേക വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് പിന്നാലെ എഫ്-16 പോർവിമാനങ്ങൾ അകമ്പടിയായി എത്തി. അബുദാബി വിമാനത്താവളം വരെ യുഎഇ വ്യോമസേന സുരക്ഷാ വലയമൊരുക്കി.

അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തിയാണ് മോഡിയെ സ്വീകരിച്ചത്. സ്വീകരണത്തിന് നന്ദി അറിയിച്ച മോദി, യുഎഇ വ്യോമസേന നൽകിയ അകമ്പടി ഇന്ത്യയിലെ ജനങ്ങളോടുള്ള ആദരവിന്റെ പ്രതീകമാണെന്ന് പ്രതികരിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

യുഎഇ സന്ദർശനത്തിന് ശേഷം നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും മോഡി യാത്രതിരിക്കും.