ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (സി.ഇ.ടി.എ) നടപ്പാക്കൽ അവസാനഘട്ടത്തിൽ തടസ്സപ്പെട്ടു. സ്റ്റീൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബ്രിട്ടൻ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങളാണ് കരാറിന് തിരിച്ചടിയായത്.
ജൂലൈ 1 മുതൽ സ്റ്റീൽ ഇറക്കുമതിക്കുള്ള നികുതിയില്ലാത്ത ക്വോട്ടയിൽ വലിയ കുറവ് വരുത്തുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാ ക്രമീകരണങ്ങളെ അപേക്ഷിച്ച് ക്വോട്ട 60 ശതമാനം വരെ കുറയ്ക്കുമെന്നും, അതിന് മുകളിലുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഈടാക്കുമെന്നും ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. നിലവിൽ ഇത് 25 ശതമാനമാണ്.
ഈ പുതിയ തീരുമാനം ഇന്ത്യ-യുകെ വ്യാപാര കരാർ ചർച്ചകളിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി. കരാർ വേഗത്തിൽ നടപ്പാക്കാൻ ഇരു രാജ്യങ്ങളും 'സൃഷ്ടിപരമായ പരിഹാരം' കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2025 ജൂലൈയിൽ ഒപ്പുവെച്ച ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ 2026 മേയിൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ഇതുസംബന്ധിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ പുതിയ സ്റ്റീൽ നയം പ്രഖ്യാപിച്ചതോടെ കരാർ നടപ്പാക്കൽ ഇനി വൈകാനിടയുണ്ടെന്നാണ് സൂചന.
ഇന്ത്യ-യുകെ വ്യാപാര കരാറിന് തടസം; സ്റ്റീൽ ഇറക്കുമതി നിയന്ത്രണത്തിൽ പുതിയ തർക്കം
