ചെന്നിത്തലയുടെ മുറിവുണക്കാൻ സതീശന്റെ സന്ദർശനം; മന്ത്രി സഭാരൂപീകരണം പാർട്ടി തീരുമാനിക്കട്ടെയെന്ന് രമേശ്

ചെന്നിത്തലയുടെ മുറിവുണക്കാൻ സതീശന്റെ സന്ദർശനം; മന്ത്രി സഭാരൂപീകരണം പാർട്ടി തീരുമാനിക്കട്ടെയെന്ന് രമേശ്


തിരുവനന്തപുരം: മുഖ്യമന്ത്രി പദവി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നിരാശനായ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു.  

 വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്നും പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനത്തെ പൂർണമായി സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. സതീശനുമായി തനിക്ക് ഏറെ ആത്മബന്ധമുണ്ടെന്നും, പത്ത് വർഷത്തെ ഇടത് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനെയാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. പാർട്ടി പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിലൂടെ ആ ദൗത്യം വിജയകരമായി നിറവേറ്റാമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഉപാധികളെ കുറിച്ചുള്ള ചോദ്യത്തിന്, 'ഞങ്ങൾ തമ്മിൽ എന്ത് ഉപാധി?' എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, 'എല്ലാക്കാലത്തും എന്റെ നേതാവ് രമേശ് ചെന്നിത്തലയാണ്' എന്ന് വി.ഡി. സതീശൻ പറഞ്ഞു. ബാല്യകാലം മുതൽ നിരവധി തവണ എത്തിയിട്ടുള്ള വീടാണിതെന്നും, ഇത് രണ്ടു സഹോദരന്മാരുടെ സൗഹൃദസന്ദർശനമാണെന്നും അദ്ദേഹം പറഞ്ഞു. ജ്യേഷ്ഠസഹോദരനെപ്പോലെ തന്നെയായ രമേശ് ചെന്നിത്തലയുടെ പിന്തുണ തനിക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും സതീശൻ വ്യക്തമാക്കി.

മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനങ്ങൾ രമേശ് ചെന്നിത്തലയുമായി ആലോചിച്ച ശേഷമേ പാർട്ടി എടുക്കുകയുള്ളുവെന്നും സതീശൻ പറഞ്ഞു. ജോസഫ് വാഴയ്ക്കൻ, വി.ടി. ബൽറാം, അൻവർ സാദത്ത്, അബിൻ വർക്കി, ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെ നിരവധി നേതാക്കൾ ചെന്നിത്തലയുടെ വസതിയിൽ സന്നിഹിതരായിരുന്നു.