മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകളിലേക്ക് കടന്ന് കോൺ​ഗ്രസ്; കെ.സി ​ഗ്രൂപ്പിന് കൂടുതൽ പ്രാതിനിധ്യം

മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകളിലേക്ക് കടന്ന് കോൺ​ഗ്രസ്; കെ.സി ​ഗ്രൂപ്പിന് കൂടുതൽ പ്രാതിനിധ്യം


തിരുവനന്തപുരം: മേയ് 18ന് തന്നെ മുഖ്യമന്ത്രി വി.ഡി.സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനുള്ള ലക്ഷ്യത്തോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകളിലേക്ക് കടന്ന് കോൺ​ഗ്രസ്. ഘടകകക്ഷികളുമായുള്ള വീതംവയ്പ് കഴിയുംവേ​ഗം പൂർത്തിയാക്കി ഇന്നു തന്നെ കോൺ​ഗ്രസ് മന്ത്രിമാരെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങാനാണ് ആലോചന. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറും കോൺ​ഗ്രസിൽ നിന്നാകും. ബാക്കിയുള്ളവയിൽ ഏകാം​ഗ കക്ഷികൾക്ക് ഫുൾ ടേം നൽകാനും ആലോചിക്കുന്നുണ്ട്. 

മന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെങ്കിലും കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള ഉന്നത നേതാക്കളുമായും എ.ഐ.സി.സി നേതൃത്വവുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് വി.ഡി.സതീശന്റെ നീക്കം. കെ.സി.വേണു​ഗോപാൽ പക്ഷത്തിന് കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തഴഞ്ഞതിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനായാൽ ആഭ്യന്തരമോ ധനവകുപ്പോ നൽകുന്നതും പരി​ഗണിക്കുന്നുണ്ട്. കോൺ​ഗ്രസിൽ നിന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, എം.ലിജു, ടി.സിദ്ദിഖ്, എം.പി.അനിൽകുമാർ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, വി.ടി.ബൽറാം തുടങ്ങിയവരുടെ പേരുകളാണ് സജീവ പരി​ഗണനയിലുള്ളത്. ജില്ലാ, സമുദായ പ്രാതിനിധ്യം പരിശോധിക്കുമ്പോൾ ആർക്കെല്ലാം നറുക്കുവീഴുമെന്നത് നിർണായകമാണ്. 

മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാരുണ്ടാകാനാണ് സാദ്ധ്യത. പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ.ഷംസുദീൻ, മഞ്ഞളാംകുഴി അലി എന്നിവർ പ്രാഥമിക പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. കെ.എം.ഷാജി, എം.കെ.എം.അഷ്റഫ് എന്നിവരുടെ പേരുകളും ഉയർന്നിട്ടുണ്ട്. മുൻ യു.ഡി.എഫ് സർക്കാരിൽ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ചോദിക്കാനാണ് ലീ​ഗിന്റെ താത്പര്യം. കേരള കോൺ​ഗ്രസിൽ നിന്ന് മോൻസ് ജോസഫിന്റെയും അപു ജോൺ ജോസഫിന്റെയും പേരുകളാണ് ഉയ‌ർന്നിട്ടുള്ളത്. ചീഫ് വിപ്പ് സ്ഥാനവും കേരള കോൺ​ഗ്രസ് ആവശ്യപ്പെട്ടേക്കും. 

ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോൺ, അനൂപ് ജേക്കബ് (കേരള കോൺ​ഗ്രസ്- ജേക്കബ്), സി.പി.ജോൺ (സി.എം.പി), മാണി.സി.കാപ്പൻ (കെ.ഡി.പി) എന്നിവർ ഘടകകക്ഷികളിൽ നിന്ന് മന്ത്രിമാരാകും. ആർ.എം.പിയിൽ നിന്ന് കെ.കെ.രമ ജയിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയിൽ അം​ഗമാകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. യു.ഡി.എഫിലെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനം. യു.ഡി.എഫ് നേതൃയോ​ഗം ഇന്ന് വൈകിട്ട് നാലിന് കന്റോൺമെന്റ് ഹൗസിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.