കേരളം പാപ്പരല്ല, എ.കെ.ആന്റണിയുടെ പ്രസ്താവന ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവലിയാനുള്ള മുൻകൂർ ജാമ്യം: കെ.എൻ.ബാല​ഗോപാൽ

കേരളം പാപ്പരല്ല, എ.കെ.ആന്റണിയുടെ പ്രസ്താവന ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവലിയാനുള്ള മുൻകൂർ ജാമ്യം: കെ.എൻ.ബാല​ഗോപാൽ


തിരുവനന്തപുരം: കേരളം പാപ്പരായ സംസ്ഥാനമാണെന്ന എ.കെ.ആന്റണിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണെന്ന് മുൻ ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ. യു.ഡി.എഫ് പറഞ്ഞ വാ​ഗ്ദാനങ്ങളിൽ നിന്നും ജനക്ഷേമ പദ്ധതികളിൽ നിന്നും പിൻവലിയാനുള്ള മുൻകൂർ ജാമ്യമായി വേണം ഇതിനെ കണക്കാക്കാൻ. 
പ്രകടന പത്രികയിൽ പറഞ്ഞ 95 ശതമാനം കാര്യങ്ങളും ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ച സർക്കാരാണ് തങ്ങളുടേത്. ഈ പ്രവ‌ർത്തനങ്ങൾക്കായി വേണ്ടിവന്ന തുക യാതൊരു തടസവുമില്ലാതെ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കേന്ദ്രം പലരീതിയിൽ സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിച്ചപ്പോഴും  ഒരു ദിവസം പോലും ട്രഷറി പൂട്ടുകയോ  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുകയോ ചെയ്തിട്ടില്ല. സർക്കാർ ചുമതല ഒഴിയുമ്പോൾ ക്ഷേമ പെൻഷൻ ഒരു ഗഡു പോലും കുടിശ്ശികയുണ്ടായില്ല. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും മുഴുവൻ ഡി.എയും ഡി.ആറും അനുവദിച്ചു നൽകി. ഡി.എ/ഡി.ആർ മുൻകാല കുടിശിക 8 ഗഡുക്കളായി നൽകാൻ നടപ്പുവർഷത്തെ ബഡ്ജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്. പ്രതിമാസം 125 കോടിയോളം കൊടുത്താണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകുന്നത്. 
സംസ്ഥാനത്തിന്റെ പൊതുകടം അഞ്ച് വർഷംകൊണ്ട് 5 ശതമാനത്തിലധികം കുറഞ്ഞു. അഞ്ചുവർഷംകൊണ്ട് 47,000 കോടിയിൽ നിന്നും ഒരു ലക്ഷം കോടിയിലേക്ക് സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. അഞ്ചുവർഷമായി സംസ്ഥാന സർക്കാർ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ വർദ്ധനവ് വരുത്തുകയുണ്ടായി. സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്ന ഡിവിസിബിൾ പൂളിൽ  1.925% ആയിരുന്ന കേരളത്തിന്റെ  വിഹിതം ഇപ്പോൾ 2.382 % ആയി വർദ്ധിച്ചിരിക്കുകയാണ്. ഓരോ വർഷവും ചുരുങ്ങിയത് 10000 ത്തിലധികം കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവിൽ അധികമായി വരാൻ പോകുന്നത്. 2026 മുതൽ 2031 വരെയുള്ള ഈ നിരക്ക് വർദ്ധനയുടെ ഗുണഭോക്താക്കൾ പുതിയ യുഡിഎഫ് സർക്കാരാണ്. അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപ  ഇതിലൂടെ അധികമായി ഖജനാവിലെത്തും. 
ഏത് സാമ്പത്തിക വെല്ലുവിളികളും ഏറ്റെടുക്കാൻ പര്യാപ്തമായ ഒരു ഖജനാവാണ് പുതിയ സർക്കാരിന് കൈമാറിയിട്ടുള്ളത്. നിലവിൽ 4000 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ട്. വസ്തുതകൾ മനസ്സിലാക്കി ആന്റണി പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാല​ഗോപാൽ പറഞ്ഞു.